EXCLUSIVE | തെരഞ്ഞെടുപ്പിൽ ഒരാൾക്കെങ്കിലും സീറ്റ്, പാസ്റ്റർമാർക്കെതിരായ അതിക്രമങ്ങൾ തടയുക; രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യങ്ങളുയർത്തി പെന്തക്കോസ്ത് സഭകൾ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നിന ആവശ്യങ്ങൾ മുന്നോട്ട് വച്ച് പെന്തക്കോസ്ത് സഭകൾ. പെന്തക്കോസ്ത് വിഭാഗത്തിൽ നിന്ന് ഒരാൾക്കെങ്കിലും സീറ്റ് അനുവദിക്കുക, സഭയ്ക്ക് ആശുപത്രികളും കോളേജുകളും അനുവദിക്കുക, പാസ്റ്റർമാർക്കെതിരായ അതിക്രമങ്ങൾ തടയുക എന്നിവയാണ് സഭ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്ത് എല്ലാ മുന്നണികളുമായും സൗഹാർദ്ദപരമായി മുന്നോട്ട് പോകാനാണ് പെന്തക്കോസ്ത് സഭകൾ ആഗ്രഹിക്കുന്നതെന്നാണ് സഭാ നേതൃത്വത്തിൻ്റെ നിലപാട്.
എന്നാൽ പെന്തകോസ്ത് സമൂഹത്തിന്റ ആവശ്യങ്ങൾ നിറവേറ്റുന്ന മുന്നണിക്ക് വോട്ട് രേഖപെടുത്തണമെന്ന ആവശ്യം യുണൈറ്റഡ് പെന്തകോസ്ത് കൗൺസിലിൽ ഉയർന്ന് വരുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൂന്നിന നിർദേശങ്ങൾ സഭ നേതൃത്വം മുന്നോട്ട് വച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർ മാത്രമായി പെന്തകോസ്ത് വിഭാഗം മാറുന്ന സാഹചര്യം ഇനി അനുവദിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് സഭ. വിജയ സാധ്യതയുള്ള സീറ്റിൽ സഭയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ പരിഗണിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാ മണ്ഡലങ്ങളിലും പിന്തുണ നൽകുകയും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പിൽ സഭാ അംഗങ്ങളെ രാഷ്ട്രീയ നേതൃത്വങ്ങ8 പരിഗണിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താനും പെന്തകോസ്ത് സഭകൾ ആലോചിക്കുന്നുണ്ട്. പെന്തകോസ്ത് വിഭാഗത്തിന് സ്വാധീനമുള്ള 14 മണ്ഡലങ്ങളിലും ഇത്തരത്തിൽ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് ആലോചന. 45 നിയമസഭ മണ്ഡലങ്ങളിൽ പെന്തകോസ്ത് വിഭാഗത്തിന് സ്വാധിനം ഉണ്ടെന്നാണ് സഭ നേതൃത്വത്തിൻ്റെ അവകാശവാദം.
