Source: News Malayalam 24x7
KERALA

ചിന്നക്കനാലിൽ കയ്യേറ്റഭൂമി ഒഴിപ്പിച്ച് വനംവകുപ്പ്; തിരിച്ചുപിടിച്ചത് ഹാരിസൺ മലയാളം ലിമിറ്റഡ് കൈവശം വച്ചിരുന്ന 42.72 ഹെക്ടർ വനഭൂമി

വനം വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി തിരിച്ചുപിടിക്കൽ നടപടിയാണ് ഇതെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ചിന്നക്കനാലില്‍ നൂറേക്കറിലധികം വരുന്ന കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് വനംവകുപ്പ്. ജില്ലയിലെ ഏറ്റവും ഉയർന്ന മലനിരയായ കൊളുക്കുമലയ്ക്ക് സമീപം ഹാരിസൺ മലയാളം ലിമിറ്റഡ് കൈവശം വച്ചിരുന്ന 42.72 ഹെക്ടർ വനഭൂമിയാണ് അതീവരഹസ്യമായി സർവേ നടപടികളിലൂടെ വനംവകുപ്പ് തിരിച്ചുപിടിച്ചത്. വനം വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി തിരിച്ചുപിടിക്കൽ നടപടിയാണ് ഇതെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം 39 വർഷമായി തിരിച്ചുപിടിക്കാൻ കഴിയാതിരുന്ന ഭൂമി. മൂന്നാറിലെ ഏറ്റവും ഉയർന്ന മലനിരകളിൽ ഒന്നായ കൊളുക്കുമലയ്ക്ക് സമീപമുള്ള 100 ഏക്കറിലധികം വരുന്ന, കൃത്യമായി പറഞ്ഞാൽ 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് അതീവ രഹസ്യമായി സർവേ നടപടികൾ പൂർത്തിയാക്കി തിരിച്ചുപിടിച്ചത്. 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം 1975ൽ എച്ച്എംഎൽ കമ്പനിയിൽ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത 210.89 ഹെക്ടർ ഭൂമിയെ ചൊല്ലിയായിരുന്നു തർക്കം. കമ്പനിയുടെ ഹർജിയിൽ 1987ലാണ് ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. 168.72 ഹെക്ടർ കമ്പനിക്ക് തിരികെ നൽകാനും, അവശേഷിക്കുന്ന 42.72 ഹെക്ടർ സർക്കാർ ഏറ്റെടുക്കാനും കോടതി അനുമതി നൽകുകയായിരുന്നു.

കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രമായ ഈ ഭൂമിയിലാണ് കൊളുക്കുമലയ്ക്ക് സമീപം സ്വകാര്യ കമ്പനി ഭൂമി പാട്ടത്തിന് നൽകി, സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ടെന്റ് ക്യാംപ് നടത്തിവന്നത്. 2001ൽ ഈ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ കാരണം ഭൂമി കൈമാറാൻ കമ്പനി വിസമ്മതിച്ചു. തിരികെ പിടിച്ച ഭൂമിയിൽ വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ ജണ്ട കെട്ടി തിരിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

SCROLL FOR NEXT