തൃശൂർ: തൃശ്ശൂർ, അരേക്കാപ്പ് - വീരാൻകുടി പ്രകൃതികളിലെ ആദിവാസികളുടെ പുനരധിവാസം അട്ടിമറിച്ചത് വനം വകുപ്പാണെന്ന് ആക്ഷേപം. വനം മന്ത്രിയുടെ നിർദേശങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന് പൊതുപ്രവർത്തകൻ ജോയ് കൈതാരം ആരോപിച്ചു.
മന്ത്രി ഷിബു ബേബി ജോൺ ചർച്ച നടത്തി പ്രശ്ന പരിഹാരത്തിന് നിർദേശം നൽകിയിട്ടും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ ആദിവാസികളെ ചതിച്ചുവെന്ന് ജോയ് പറഞ്ഞു. വനം വകുപ്പിനെതിരെയുള്ള കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
തങ്ങൾ കയ്യേറ്റകാരല്ലെന്നും വനംവകുപ്പും റവന്യൂവകുപ്പും ചേർന്നാണ് തങ്ങളെ മാരാംങ്കോട് എത്തിച്ചത് എന്നും ഹർജിക്കാരനായ സാബു പെരുമാൻ പറഞ്ഞു. മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും വിവരങ്ങൾ ധരിപ്പിച്ചിരുന്നതായി പൊതുപ്രവർത്തകൻ ജോയി കൈതാരം പറഞ്ഞു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻ സർക്കാർ നടത്തിയ ഇടപെടലുകൾക്കും ഉദ്യോഗസ്ഥർ തടയിട്ടുവെന്നും ജോയ് കൈതാരം ന്യൂസ് മലയാളത്തോട് പറഞ്ഞു. തങ്ങൾ കയ്യേറ്റകാരല്ലെന്നും ദുരിതത്തിലായ ആദിവാസി കുടുംബങ്ങൾ പറഞ്ഞു.
തങ്ങൾ ഇവിടെ താമസിച്ചാൽ വനത്തിൻ്റെ സ്വാഭാവികത നഷ്ടപ്പെടുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിലും വലിയ വനത്തിൽ നിന്നുമാണ് സർക്കാർ തങ്ങളെ ഇവിടെ എത്തിച്ചത്. വനം വകുപ്പു ചതിച്ചാലും കോടതിയിലും സർക്കാരിലും പ്രതീക്ഷയുണ്ടെന്നും സാബു പറഞ്ഞു.