KERALA

സിപിഐയുടെ മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സിപിഐയുടെ അറിയപ്പെടുന്ന നേതാവായിരുന്നു ചെങ്ങറ സുരേന്ദ്രന്‍

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിപിഐയുടെ മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. ഗുരുവായൂര്‍ ദേവസ്വം അംഗമായിരിക്കെ സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടി നടപടി നേരിട്ട ചെങ്ങറ സുരേന്ദ്രന്‍ സിപിഐ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. ബിജെപിയുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സിപിഐയുടെ അറിയപ്പെടുന്ന നേതാവായിരുന്നു ചെങ്ങറ സുരേന്ദ്രന്‍. രണ്ട് തവണ ലോക്സഭാ എംപിയായിരുന്നു. 1998ലും 2004ലും അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്തിയാണ് സുരേന്ദ്രന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മാവേലിക്കരയില്‍ നിന്ന് മത്സരിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷിനോട് പരാജയപ്പെട്ടു.

2025 മാര്‍ച്ചില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ചെങ്ങറ സുരേന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടി പിന്‍വലിക്കാന്‍ സിപിഐ തയ്യാറായിട്ടില്ല. സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ വന്നതോടെയാണ് ചെങ്ങറ സുരേന്ദ്രന്‍ ബിജെപിയുമായി അടുത്തത്. സമൂഹ മാധ്യമങ്ങളില്‍ ബിജെപി അനുഭാവികളും ചെങ്ങറ സുരേന്ദ്രനെ അനുകൂലിക്കുന്നവരും പാര്‍ട്ടി മാറ്റത്തിൻ്റെ സൂചന നല്‍കി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

SCROLL FOR NEXT