തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പിലാക്കാനായി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ ശുപാര്‍ശ മറികടന്ന് ചട്ടങ്ങളില്‍ മാറ്റം വരുത്തിയതായി ആരോപണം. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി ശുപാര്‍ശ ചെയ്ത ചട്ടങ്ങളിലാണ് മാറ്റം വരുത്തിയത്. നിലവില്‍ വന്ന ചട്ടങ്ങളില്‍ പാളിച്ചയുണ്ടെന്ന് അധികൃതരെ അറിയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെന്ന് സമിതിയംഗമായ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.കെ. ബാലന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
2014 ജനുവരി 1 മുതല്‍ രാജ്യത്തുടനീളം ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയില്‍ ഭേദഗതി കൊണ്ടുവരികയും, നിയമത്തില്‍ ഊന്നിക്കൊണ്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. കേരളത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാല്‍ സമിതി ശുപാര്‍ശ ചെയ്ത ചട്ടങ്ങളില്‍ മാറ്റം വരുത്തിയാണ് ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് സമിതിയംഗമായ വി.കെ. ബാലന്‍ പറഞ്ഞു.
ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ നിരവധി പാളിച്ചകള്‍ സംഭവിച്ചു. സമിതി ശുപാര്‍ശ ചെയ്ത ചട്ടങ്ങള്‍ പ്രകാരം ഭൂവുടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യവും ഭൂമിയില്‍ നിന്നും ഇറങ്ങുന്നതിന് സാവകാശവും ഉറപ്പു വരുത്തിയിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയാണ് ചട്ടങ്ങള്‍ തിരുത്തിയതെന്നും വി.കെ. ബാലന്‍ ആരോപിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി റോഡുകള്‍, പാലങ്ങള്‍, ജലസേചന പദ്ധതികള്‍, വ്യവസായങ്ങള്‍, നഗരവല്‍ക്കരണം തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി കണ്ടെത്തുന്ന ചട്ടങ്ങള്‍ പുന പരിശോധിക്കണമെന്നാണ് വി.കെ. ബാലന്‍ ആവശ്യപ്പെടുന്നത്.
അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും, ചട്ടങ്ങള്‍ പുനഃപരിശോധിച്ച പാളിച്ചകള്‍ പരിഹരിക്കണമെന്നും സമിതി അംഗം വി.കെ. ബാലന്‍ ആവശ്യപ്പെടുന്നു.