ഇടുക്കി: 45 വർഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ഇനി മുതൽ സാധാരണ പാർട്ടി പ്രവർത്തകനായി തുടരും. പാർട്ടിയുടെ ആശയങ്ങളോട് 100 ശതമാനം സത്യസന്ധത കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ജില്ലയിലെ പാർട്ടിയുമായി യോജിച്ച് പോകാൻ കഴിയുന്നില്ലെന്നും നിക്ഷിപ്ത താൽപ്പര്യങ്ങളാണ് പാർട്ടിയെ നയിക്കുന്നതെന്നും കെ. കെ. ശിവരാമൻ പറഞ്ഞു.
ഇടുക്കിയിൽ കുറെ കാലമായി പാർട്ടിയിൽ വിമർശനമോ, സ്വയം വിമർശനമോ ഇല്ല. ഇടുക്കിയിൽ സിപിഐ തകർന്ന നിലയിലാണ്. സിപിഐ പോകേണ്ട വഴിയിലൂടെ അല്ലാ പോകുന്നത് എന്നും ശിവരാമൻ വിമർശിച്ചു. സത്യം പറയുമ്പോൾ ചിലർ പ്രകോപിതർ ആകുന്നു. ജില്ലയിൽ ചില മാഫിയ പ്രവർത്തിക്കുന്നു. അവർക്കൊപ്പം പാർട്ടിയിലെ ചിലർ ഒട്ടി പ്രവർത്തിക്കുന്നുവെന്നും ശിവരാമൻ ചൂണ്ടിക്കാട്ടി.
ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരയെും സിപിഐ മുതിർന്ന നേതാവ് ശിവരാമൻ വിമർശനം ഉന്നയിച്ചു. മുന്നണി സംവിധാനത്തിൽ ഓരോ പാർട്ടിക്കും വ്യക്തിത്വം ഉണ്ടാകണം. മുൻ സെക്രട്ടറിമാർ ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക് ചലനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ലെന്നും, പാർട്ടി നിലവിൽ ഒരു ചലനവും ഇല്ലെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.