KERALA

നിയമസഭ തെരഞ്ഞെടുപ്പ്: പാലക്കാട് മണ്ഡലത്തിൽ കണ്ണൻ ഗോപിനാഥൻ്റെ സാധ്യതയേറുന്നു; നേതാക്കളോട് വിവരങ്ങള്‍ തേടി എഐസിസി

കണ്ണൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടിയത്

Author : ലിൻ്റു ഗീത

പാലക്കാട്: മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ്റെ സാധ്യതയേറുന്നു. നേതാക്കളോട് നേരിട്ട് വിവരങ്ങൾ തേടി എഐസിസി. കണ്ണൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടിയത്. പട്ടികയിലുണ്ടായിരുന്ന ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ.എസ്. ജയഘോഷ് എന്നിവരുടെ വിജയസാധ്യതയും എഐസിസി പരിശോധിക്കും. കനഗോലു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കണ്ണനെ മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മണ്ഡലത്തിൽ പ്രതിരോധത്തിലാണ് കോൺഗ്രസ്. കണ്ണനിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി. കേന്ദ്ര സർക്കാർ നയങ്ങളെ വിമർ‌ശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോൺ​ഗ്രസിൽ ചേർന്നത്.

എഐസിസി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അദ്ദേഹത്തിന് അംഗത്വം നൽകിയത്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം.

SCROLL FOR NEXT