

ജനുവരി 29ലെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് സംസ്ഥാനം. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റെന്ന നിലയിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും വോട്ട് ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിലെന്നാണ് സൂചന.
പെൻഷൻ വർധനയായിരിക്കും ബജറ്റിലെ പ്രധാന ജനപ്രിയ പ്രഖ്യാപനമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് 2000 രൂപയാക്കിയ ക്ഷേമപെൻഷൻ ഇത്തവണ 2500 ആക്കുവാനാണ് സാധ്യത. ഇതിന് പുറമേ ദാരിദ്ര്യ നിർമാർജന പദ്ധതികൾ, സ്ത്രീ സുരക്ഷാ പദ്ധതികൾ, റബറിൻ്റെ താങ്ങുവലി വർധിപ്പിക്കൽ, വയോജന ക്ഷേമവും യുവജനങ്ങൾക്കായുള്ള പദ്ധതികളുമെല്ലാം ബജറ്റിൽ ഇടം പിടിച്ചേക്കും.ശമ്പള വർധനയും ബജറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഇതിന് പുറമേ നവകേരള ആശയത്തെ പിന്തുണയ്ക്കുന്ന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയേക്കുവാൻ സാധ്യതയുണ്ട്. കർഷകർക്കായുള്ള പ്രത്യേക പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണ് വിവരം.ലൈഫ് മിഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായുള്ള തുകയും ഇത്തവണത്തെ ബജറ്റിൽ വകയിരുത്തും.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ബജറ്റെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും നേരിട്ട കനത്ത തിരിച്ചടി വമ്പൻ പ്രഖ്യാപനങ്ങളിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കില്ലെന്ന് വേണം കരുതാൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ കൈയിലെടുക്കാനുള്ള സുവർണാവസരമായിട്ടായിരിക്കും സർക്കാർ ഈ ബജറ്റിനെ കാണുക എന്ന കാര്യത്തിൽ സംശയമില്ല.