കൊല്ലം: ജില്ലയിലെ കൂട്ടരാജിക്കിടെ സിപിഐയിൽ വീണ്ടും നടപടി. മുൻ ജില്ലാ കൗൺസിലംഗം ജെ. സി. അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സാമ്പത്തിക തിരിമറി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ പറഞ്ഞു. കടയ്ക്കലിൽ പാർട്ടി യോഗം വിളിച്ച് നടപടി വിശദീകരിക്കുമെന്നും പി.എസ്. സുപാൽ അറിയിച്ചു.
വിഭാഗീയതയെ തുടർന്നുള്ള കൂട്ടരാജിയിൽ വലഞ്ഞിരിക്കുകയാണ് കൊല്ലം സിപിഐ. 800ലധികം പേരാണ് ജില്ലയിൽ നിന്ന് രാജിവച്ചത്. 700ലധികം പേരാണ് കടയ്ക്കലിൽ സിപിഐയിൽ നിന്ന് രാജിവച്ചത്. 120 പേർ കഴിഞ്ഞ ദിവസം കുണ്ടറയിൽ നിന്നും രാജിവച്ചിരുന്നു.
മന്ത്രി ജെ. ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. വിവിധ ചുമതലയിലുണ്ടായിരുന്നവരാണ് രാജി വച്ചത്. ഉൾപാർട്ടി പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. പാർട്ടി വിട്ടവർ സിപിഎമ്മിൽ ചേരാൻ സാധ‍്യതയുണ്ടെന്നാണ് സൂചന. എന്നാൽ 700 ഓളം പേർ പാർട്ടി വിട്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്നാണ് സിപിഐ ജില്ലാ നേതൃത്വം പറയുന്നത്.