തൃശൂർ: കെഎസ്‍യു നേതാക്കളോട് അക്രമത്തിന് ആഹ്വാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ.സുധാകരൻ. കൈപ്പമംഗലം അസ്മാബി കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെഎസ്‌യു-യൂത്ത് കോൺഗ്രസ് നേതാക്കളോടാണ് കെ. സുധാകരൻ തിരിച്ചടിക്കാൻ ആവശ്യപ്പെട്ടത്. ആശുപത്രിയിൽ കഴിയുന്നവരെ വീഡിയോ കോൾ ചെയ്ത കെ. സുധാകരൻ, തിരിച്ചടിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
ഈമാസം 15നാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി അസ്മാബി കോളേജിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു-യൂത്ത് കോൺഗ്രസ് നേതാക്കളായ സൗരവ് , അഫ്സൽ , സിൻ്റോ എന്നിവർ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആശ്വസിപ്പിക്കാനായാണ് കെ. സുധാകരൻ വീഡിയോ കോൾ ചെയ്തത്. അടിച്ചവരെ തിരിച്ചടിക്കണമെന്നും, മൂന്നുപേരുടെയെങ്കിലും കാൽ അടിച്ച് പൊളിക്കണം എന്നും കോളിൽ സുധാകരൻ പറയുന്നതായി കാണാം.
അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂർ സൺ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കെ. സുധാകരൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അൽപ്പസമയത്തെ വിശ്രമത്തിന് ശേഷം സുധാകരനെ ഡിസ്ചാർജ് ചെയ്യുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.