KERALA

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

Author : ലിൻ്റു ഗീത

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 വർഷങ്ങളിൽ കളമശ്ശേരിയിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോൾ 2005ൽ വ്യവസായ മന്ത്രിയായി. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

25 വർഷം മുസ്ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാൻ ആയിരുന്നു. കൊച്ചി വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡിലും അ​ദ്ദേഹം ഉണ്ടായിരുന്നു. നിരവധി കമ്പനികളിലെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം വഹിച്ചു.

എടത്തല സി.എച്ച്. മുഹമ്മദ് കോയ കോളേജ് ഓഫ് എൻജിനിയറിങ് ചെയർമാൻ ആയിരുന്നു. ആലുവയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഈ യുഗം പത്രത്തിന്‍റെ എഡിറ്റർ ആയിരുന്നു. പാലാരിവട്ടം പാലം തകർന്ന കേസിൽ പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതി ചേർക്കപ്പെട്ടു.

SCROLL FOR NEXT