ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. നാല് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായാണ് വിവരം. 1200 ലധികം ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ, കഴിഞ്ഞ ഡിസംബർ 28 ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം പത്താം ദിനത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുകയാണ്.
പ്രക്ഷോഭം 250 ഇടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ടെഹ്റാനിന് പുറമേ മാഷാദ്, ഇസ്ഫഹാൻ, ഷിറാസ്, ഖോം എന്നീ നഗരങ്ങളിൽ പ്രതിഷേധം ശക്തമായി. ഏകാധിപതിക്ക് മരണം, ഖമനെയിയെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഖോം അടക്കമുള്ള പുണ്യ നഗരങ്ങളിൽ പോലും ഉയരുന്നതായാണ് ഇറാനിയൻ പ്രതിപക്ഷ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ ശവസംസ്കാരച്ചടങ്ങുകൾ വൈകാരികമാവുന്ന കാഴ്ചയാണ് കാണുന്നത്.
ഐആർജിസിയുടെ അർദ്ധ സൈനികവിഭാഗമായ ബാസിജ് ഫോഴ്സ് അടക്കമുള്ള സൈനിക സംഘങ്ങൾക്ക് നേരെ പൊതുജനം കല്ലെറിയുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറിലധികം സുരക്ഷാ ഭടൻമാർക്ക് പരിക്കേറ്റതായി ഇറാനിയൻ വിപ്ലസംരക്ഷണ സേനയും പറയുന്നു. ആശുപത്രികൾ റെയ്ഡ് ചെയ്തും പ്രതിഷേധക്കാരെ ഇറാനിയൻ സർക്കാർ സേനകൾ നേരിടുന്നതായി ആരോപണമുണ്ട്.
തീയും, കല്ലുകളും, വടികളും പ്രതിഷേധക്കാർ പൊലീസിനു നേരെ പ്രയോഗിച്ചു. പ്രക്ഷോഭക്കാർക്ക് നേരെ വെടിയുതിർത്തതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇറാനിയൻ ഭരണകൂടം അതിജീവനത്തിനായുള്ള ശ്രമത്തിലാണെന്നാണ് വിവരങ്ങൾ. ഇതിനിടെ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് മെയ്ക്ക് ഇറാൻ ഗ്രെയ്റ്റ് അഗെയ്ൻ എന്നെഴുതിയ തൊപ്പിയുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു. യുകെയിലടക്കം ജനപ്രതിനിധികളുൾപ്പെടെ ഇറാനിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുണ്ട്.