തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത് സംഭവം അതീവ ഗൗരവതരമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. ആളപായം സംഭവിക്കാത്തത് ആശ്വാസകരമാണെന്നും അപകടത്തിൽ സമഗ്രാന്വേഷണം വേണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. കെട്ടിടത്തിന് കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
അതേസമയം, മേൽക്കൂര തകർന്നുവീണതിൽ മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. മൂന്നു കോടി രൂപ മുടക്കി പുതുക്കി പണിഞ്ഞതാണ് കെട്ടിടം. പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കിയെന്നതിന് മറുപടി പറയണം. മൂന്നു കോടി പാഴാക്കിയതിൽ അന്വേഷണം വേണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു.
കെട്ടിടങ്ങളെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് കോർപ്പറേഷൻ ഫിറ്റ്നെസ് കൊടുത്തത്. കുട്ടികൾ പഠിക്കേണ്ട കെട്ടിടങ്ങൾ പരിശോധിക്കാനാണ് സർക്കാർ നിർദേശം നൽകിയത്. പരിസര പ്രദേശങ്ങൾ പരിശോധിക്കേണ്ട കാര്യം നിർദേശത്തിൽ പറഞ്ഞിരുന്നില്ല. പൊളിഞ്ഞു വീണത് പരിസര പ്രദേശത്തെ കെട്ടിടം. സർക്കാറിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
ഇന്ന് വൈകിട്ട് 5.15ഓടെയാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടമാണ് തകർന്നത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷമാണ് മേൽക്കൂര താഴേക്ക് പതിച്ചത്. അപകട സമയം ഉദ്യോഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.