ശ്രീനാദേവി കുഞ്ഞമ്മ Source: FB
KERALA

ശ്രീനാദേവി കുഞ്ഞമ്മ പ്രതി; അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ഫെന്നി നൈനാനെയും പ്രതി ചേർത്തു

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ശ്രീനാദേവിയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രതിചേർത്തത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കോൺ​ഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ നാലുപേരെ പ്രതിചേർത്തു. ശ്രീനാദേവിയെ കൂടാതെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളത്. അതിക്രമിച്ച് കയറൽ വകുപ്പ് കൂടി ചേർത്താണ് പ്രതി ചേർത്തത്. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ശ്രീനാദേവിയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രതിചേർത്തത്.

അതേസമയം, മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ​ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നു കാണിച്ചുള്ള റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് സമർപ്പിച്ചിട്ടുണ്ട്.

ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. ശ്രീനാദേവി കുഞ്ഞമ്മയുടെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജൻ ജോസഫിനെ മർദിച്ചെന്നാണ് കേസ്. അന്ന് കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് അന്വേഷണവും തുടർനടപടികളും മുന്നോട്ടുപോയില്ല.

പിന്നീട് വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായി. മർദനത്തിന് പിന്നാലെ ലോക്കപ്പിന് മുന്നിലെത്തി രാജൻ ജോസഫിനെ ശ്രീനാദേവി കുഞ്ഞമ്മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസിൽ പൊലീസ് നടപടികൾക്ക് വേഗം കൂടുകയായിരുന്നു. ഇതിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് ജയകൃഷ്ണൻ പള്ളിക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. ശ്രീനാദേവി കുഞ്ഞമ്മയെയും ഫെന്നി നൈനാനെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കവും അന്വേഷണത്തിന്റെ ഭാഗമായി പുരോഗമിക്കുകയാണ്.

SCROLL FOR NEXT