പ്രതീകാത്മക ചിത്രം Source: Das Legal
KERALA

പരിവാഹൻ സൈറ്റിൻ്റെ പേരിൽ തട്ടിപ്പ്: മാസ്റ്റർബ്രെയിൻ 16കാരൻ; പ്രതികൾ രാജ്യത്ത് സൈബർ തട്ടിപ്പുകൾക്ക് നേതൃത്വം നൽകുന്ന വൻസംഘം

യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പരിവാഹൻ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതികൾ രാജ്യത്ത് സൈബർ തട്ടിപ്പുകൾക്ക് നേതൃത്വം നൽകുന്ന വൻസംഘമെന്ന് കണ്ടെത്തൽ. പിടിയിലായ മൂന്ന് പേരുടെയും അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങളാണ്. തട്ടിപ്പിന് ഇരയാകുന്നവരുടെ ഫോണിലെ ആപ്പുകൾ പ്രതികളുടെ ഫോണിൽ ലഭിക്കും. യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

പിടിയിലായവരുടെ ഫോണിൽ നിന്ന് കേരള നമ്പറുകൾ കണ്ടെത്തി. തട്ടിപ്പിനും വിവരശേഖരണത്തിനും പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നടക്കം അന്വേഷണം തുടരുകയാണ്. യുപി, വെസ്റ്റ് ബംഗാൾ കേന്ദ്രികരിച്ചാണ് തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

തട്ടിപ്പിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ 16കാരനെന്ന് കണ്ടെത്തി. ആപ്ലിക്കേഷൻ നിർമിക്കുന്നതും തട്ടിപ്പ് നിയന്ത്രിക്കുന്നതും ഇയാളാണ്. സൈബർ പൊലീസ് ഇയാൾക്ക് നോട്ടീസ് നൽകി. അടുത്ത ദിവസം എറണാകുളത്ത് ഹാജരാവും. പിടിയിലായവർ നയിക്കുന്നത് ആഡംബര ജീവിതമാണെന്നും പൊലീസ് കണ്ടെത്തി. ട്രക്കുകൾ അടക്കം വാഹനങ്ങളും വൻ വീടുമാണ് പ്രതികൾക്കുള്ളത്.

കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ പരിവാഹൻ സൈറ്റിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിലായത്. യുപി സ്വദേശികളായ മൂന്ന് പേരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. വാരണാസിയില്‍ നിന്നാണ് സംഘം പിടിയിലായത്. എറണാകുളത്ത് എത്തിച്ച രണ്ട് പ്രതികളെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിച്ചു.

പരിവാഹന്‍ സൈറ്റിന്റെ മറവില്‍ നടന്ന തട്ടിപ്പില്‍ 2700 ഓളം പേരാണ് ഇരയായത്. കേരളത്തിൽ നിന്ന് മാത്രം 500ഓളം തട്ടിപ്പുകളില്‍ നിന്നായി 45 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്.

SCROLL FOR NEXT