കേന്ദ്രമന്ത്രി നിർമല സീതാരാമൻ്റെ എഐ വീഡിയോ ഉപയോഗിച്ച് തട്ടിപ്പ് 
KERALA

കേന്ദ്രമന്ത്രി നിർമല സീതാരാമൻ്റെ എഐ വീഡിയോ ഉപയോഗിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നര കോടി രൂപ

ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ എഐ വീഡിയോയാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കേന്ദ്രധനമന്ത്രിയുടെ പേരിൽ കേരളത്തിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ പേരിലുള്ള വ്യാജ എഐ. വീഡിയോ നിർമിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാണ് വൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതിലൂടെ കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒന്നര കോടി രൂപയാണ്.

ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ എഐ. വീഡിയോ തട്ടിപ്പുകാർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് വീഡിയോയ്ക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമായത്.

ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ തന്നെ മലയാളത്തിൽ സംസാരിച്ച ഒരാൾ ഫോണിൽ വിളിക്കുകയും ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ കൈക്കലാക്കിയ സംഘം തവണകളായി പണം പിൻവലിക്കും.

പണമോ, വാഗ്ദാനമോ ലഭിക്കാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പലരും തിരിച്ചറിയുന്നത്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ സമാന രീതിയിൽ നടക്കുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. വടകരയിലെ ദമ്പതികൾക്ക് സമാനമായ എഐ വീഡിയോ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് മൂന്ന് ലക്ഷം രൂപ നഷ്ടമായിരുന്നു.

SCROLL FOR NEXT