കോഴിക്കോട്: സൗജന്യ വിവാഹ രജിസ്ട്രേഷനായി കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം സംഘടിപ്പിച്ച ക്യാമ്പിലേക്ക് അപേക്ഷകരുടെ വൻ ഒഴുക്ക്. ആയിരത്തോളം പേരെ പ്രതീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പിന് പിന്നാലെ നവംബർ ഒന്നിന് നടന്ന ക്യാമ്പിൽ രജിസ്ട്രേഷനായി എത്തിയത് ഏഴായിരത്തിലധികം പേർ. കോഴിക്കോട് ജില്ലയ്ക്ക് പുറമെ കണ്ണൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരും ക്യാമ്പിന്റെ ഭാഗമായി.
ആദ്യഘട്ടത്തിൽ രണ്ടായിരം അപേക്ഷകരെ മാത്രം കണക്കിലെടുത്ത് അപേക്ഷാ ഫോമുകൾ തയ്യാറാക്കിയ സംഘാടകർക്ക് അപ്രതീക്ഷിതമായ ജനത്തിരക്ക് വലിയ വെല്ലുവിളിയായി. ഫോമുകൾ മണിക്കൂറുകൾക്കുള്ളിൽ തീർന്നതോടെ ഫോട്ടോകോപ്പികൾ വിതരണം ചെയ്തും പിന്നീട് അയ്യായിരത്തിലധികം പുതിയ ഫോമുകൾ അച്ചടിച്ചുമാണ് രജിസ്ട്രേഷൻ നടപടികൾ തുടർന്നത്. രാവിലെ ഒൻപതിന് ആരംഭിക്കാനിരുന്ന ഫോം വിതരണം തിരക്ക് പരിഗണിച്ച് പുലർച്ചെ ഏഴിന് തന്നെ തുടങ്ങേണ്ടിവന്നു. ഉച്ചയോടെ അവസാനിക്കേണ്ടിയിരുന്ന ക്യാമ്പ് വൈകുന്നേരം വരെ നീണ്ടു.
ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച നീണ്ട നിര ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പുകൾ വരെ എത്തിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും ഏറെ പണിപ്പെട്ടു. അപേക്ഷകരിൽ 80 ശതമാനത്തോളം പേർ 30നും 50നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. പുനർവിവാഹം ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളും അപേക്ഷ നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി ജീവിതപങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം അടുത്ത മാസം മുതൽ അപേക്ഷകർക്ക് മറുപടി നൽകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.