KERALA

അതിരപ്പള്ളി-മലക്കപ്പാറ റോഡില്‍ വന്യ മൃഗ ആക്രമണം പതിവാകുന്നതിന് കാരണം യാത്രക്കാര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വനം വകുപ്പ്

തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന വനപാത കടന്ന് പോകുന്ന ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

അന്തര്‍ സംസ്ഥാന പാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ വന്യമൃഗ ആക്രമണം പതിവാകുന്നു. കാനന പാതയിലൂടെ കടന്ന് പോകുന്ന വിനോദ സഞ്ചാരികളും യാത്രക്കാരും മൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതാണ് ആക്രമണങ്ങള്‍ക്കുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ വനനിയമങ്ങള്‍ മറികടന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.

പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിനോട് ചേര്‍ന്ന് മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലായി വന്‍ വിസ്തൃതിയോടെ പരന്ന് കിടക്കുന്ന വനമേഖലയാണ് അതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയവ. അപൂര്‍വ്വയിനം സ്പീഷിസുകളില്‍ ഉള്‍പ്പെടുന്ന ജന്തുജാലങ്ങളുടെ വിഹാരകേന്ദ്രം. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന വനപാത കടന്ന് പോകുന്ന ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നത് പതിവാണ്. എന്നാല്‍ അടുത്തകാലത്താണ് ഇവ മനുഷ്യര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും ഇത്ര കണ്ട് അക്രമാസക്തരാകുന്നത്.

മലക്കപ്പാറ, വാല്‍പ്പാറ വരെയുള്ള അന്തര്‍ സംസ്ഥാന പാതയില്‍ പലയിടങ്ങളിലും വനം വകുപ്പ് നിരീക്ഷണം ശക്തമാണെങ്കിലും തുടര്‍ച്ചയായി വന്യമൃഗ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിനോദ സഞ്ചാരികളും യാത്രക്കാരുമടക്കം ഇതുവഴി കടന്ന് പോകുന്ന പലരും മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

അതിരപ്പിള്ളി മുതല്‍ വാഴച്ചാല്‍ വരെയുള്ള കാനന പാതകളില്‍ വിവിധ സ്ഥലങ്ങളില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകരുണ്ട്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികള്‍ക്ക് ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്തുന്നതിനും പുറത്തിറങ്ങുന്നതിനും അനുവാദമില്ല.

പക്ഷെ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ പല സ്ഥലങ്ങളിലും മുന്നറിയിപ്പുകള്‍ അവഗണിച്ച് ആളുകള്‍ റോഡിലിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.

വന്യ മൃഗങ്ങളെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ വനം -വന്യജീവി സംരക്ഷണനിയമ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. ഏഴുവര്‍ഷം വരെ കഠിനതടവും 10,000 രൂപയുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ. വന്യമൃഗങ്ങളുടെ സഞ്ചാരപഥത്തെ തടയുന്നതും ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. എന്നാല്‍ നിയമങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ചിലരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

SCROLL FOR NEXT