Source: News Malayalam 24x7
KERALA

കണ്ണീർ നോവായി ഒരു കുടുംബം; മൂവാറ്റുപുഴയാറിൽ ജീവനൊടുക്കിയ മൂന്ന് പേരുടെ സംസ്കാരം പൂർത്തിയായി, നാലാമത്തെ മൃതദേഹവും കണ്ടെത്തി

തൃപ്പൂണിത്തുറയിലെ പൊതു ശ്മശാനത്തിൽ ആയിരുന്നു മൂന്ന് പേരുടെ സംസ്കാരം...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പിറവം മൂവാറ്റുപുഴ ആറിൽ മുങ്ങി മരിച്ച മൂന്ന് പേരുടെ സംസ്കാരം പൂർത്തിയായി. വിജി, ഭർത്താവ് നാരായണൻ, ഇവരുടെ രണ്ട് വയസുകാരൻ മകൻ എന്നിവരുടെ സംസ്കാരമാണ് തൃപ്പൂണിത്തുറയിലെ പൊതു ശ്മശാനത്തിൽ നടന്നത്. ഇന്ന് പിറവം ഐഎൻടിയുസി കടവിൽ നിന്ന് ലഭിച്ച ഹന്നയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും. സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം.

രണ്ട് ദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് പിറവത്തെ ഐഎൻടിയുസി കടവിന് സമീപത്ത് നിന്ന് ആറ് വയസുകാരി ഹന്നയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാരായണൻ, ഭാര്യ വിജി, രണ്ട് വയസ്സുള്ള മകൻ, ആറുവയസുകാരി ഹന്ന എന്നിവരടങ്ങുന്ന കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് വിജിയുടെയും രണ്ടുവയസുകാരൻ്റെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. ഇന്നലെ നാരായണന്റെയും ഇന്ന് ഹന്നയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കുടുംബം ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തിൻറെ മരണ വാർത്ത വലിയ ഞെട്ടൽ ഉണ്ടാക്കിയെന്ന് കോതമംഗലം എസ് എച്ച് ഒ പ്രശാന്ത് കുമാർ കെ ആർ പ്രതികരിച്ചു. ഈ കുടുംബത്തിന് താമസിക്കാൻ ആദ്യം ലോഡ്ജിൽ മുറിയും പിന്നീട് വാടക വീടും ഒരുക്കി നൽകിയത് പ്രശാന്ത് കുമാറും സ്റ്റേഷനിലെ മറ്റു പൊലീസുകാരും ചേർന്നായിരുന്നു.

വിജിയുടെയും നാരായണന്റെയും രണ്ടുവയസുകാരന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിജിയുടെ സഹോദരനാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഹന്നയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കളമശേരി മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്മോർട്ടം. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.

SCROLL FOR NEXT