KERALA

"പറവൂർ സ്കൂളിന് വിഎസിൻ്റെ പേര് നൽകിയതിൽ സന്തോഷം"; മന്ത്രി വി. ശിവൻകുട്ടിയെ അഭിനന്ദിച്ച് ജി. സുധാകരൻ

വിഎസ് പഠിച്ചിരുന്ന സ്കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ മന്ത്രി ശിവൻകുട്ടിക്ക് കത്തയച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പേര് നൽകാൻ ഉത്തരവിട്ട വിഭ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ അഭിനന്ദിച്ച് ജി. സുധാകരൻ. വിഎസ് പഠിച്ചിരുന്ന സ്കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ മന്ത്രി ശിവൻകുട്ടിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി നടപടി എടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

1883ൽ സ്ഥാപിതമായ പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അവിടെ ഏകദേശം ഒന്നര നൂറ്റാണ്ടിനു മുമ്പ് വിദ്യാർത്ഥിയായിരുന്ന ഇതിഹാസ കമ്മ്യൂണിസ്റ്റ് നായകൻ സഖാവ്.വിഎസ് അച്യുതാനന്ദന്റെ പേര് നൽകി പൊതു വിദ്യാഭ്യാസ മന്ത്രി സഖാവ്.വി ശിവൻകുട്ടി ഒപ്പിട്ടു. ഉത്തരവ് സ്കൂൾ മേധാവിക്ക് കിട്ടുകയും ചെയ്തു. വിഎസ് അന്തരിച്ചതിനെ തുടർന്നാണ് വി എസിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് അയച്ചത്. അത് ഉത്തരവായി വന്നതിൽ നാട്ടുകാരോടൊപ്പം സന്തോഷത്തിൽ പങ്കുചേരുന്നു. മന്ത്രി ശിവൻകുട്ടിക്ക് അഭിനന്ദനങ്ങൾ.

"വിഎസ് പഠിച്ച പറവൂര്‍ ഗവ. സ്കൂളിന് അദ്ദേഹത്തിൻ്റെ പേര് നല്‍കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു. ഗവണ്‍മെൻ്റിന് ജനങ്ങളുടെ ഇടയില്‍ മതിപ്പുളവാക്കുന്ന ഒരു നടപടി ആയിരിക്കുമത്. അദ്ദേഹത്തിൻ്റെ ഭവനത്തിന് തൊട്ടടുത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വിഭാഗവും, ഹയര്‍ സെക്കന്‍ഡറി വിഭാഗവും, റോഡിന് തെക്കും വടക്കുമായിട്ടാണ്. രണ്ടിനും വിഎസിൻ്റെ പേര് നല്‍കുന്നത് നന്നായിരിക്കും - എന്നായിരുന്നു സുധാകരൻ മന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നത്.

SCROLL FOR NEXT