തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഗ്യാസ്ട്രോ സർജറിയുടെ സേവനം ലഭ്യമാകില്ലെന്ന് വകുപ്പ് മേധാവിയുടെ കത്ത്. വകുപ്പിലെ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് വകുപ്പ് തലവൻ രേഖാമൂലം ഇക്കാര്യം സൂപ്രണ്ടിനെ അറിയിച്ചത്. ഇതോടെ കരൾ, കുടൽ അടക്കം ഗുരുതര രോഗം ബാധിച്ചെത്തുന്നവരുടെ ചികിത്സയും ശസ്ത്രക്രിയയും അടക്കം മുടങ്ങുന്ന അവസ്ഥയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോക്ടർ രമേശ് രാജൻ സൂപ്രണ്ടിന് നൽകിയ കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. അത്യാഹിത വിഭാഗത്തിൽ ഗ്യാസ്ട്രോ സർജറി വിഭാഗത്തിന്റെ സേവനം തൽക്കാലം നിർത്തിവയ്ക്കുകയാണെന്ന് കത്തിൽ പറയുന്നു. അടിയന്തര ശസ്ത്രക്രിയ വന്നാൽ പോലും സഹകരിക്കാൻ ആകില്ല. സഹകരിക്കാതിരിക്കാൻ ഉള്ള കാരണം ആൾ ക്ഷാമമാണ്. പിഎസ്‌സി നിശ്ചയിച്ച എണ്ണം ഡോക്ടർമാർ പോലുമില്ല വകുപ്പില്ലെന്ന് വകുപ്പ് മേധാവി തുറന്നടിക്കുന്നുണ്ട്.
ഗ്യാസ്ട്രോ വിഭാഗത്തിൽ ഉള്ളത് ഒരു സീനിയർ റെസിഡന്റ് മാത്രമാണ്. ഇങ്ങനെ പോയാൽ എങ്ങനെയാണ് ശസ്ത്രക്രിയകളുമായി സഹകരിക്കുക എന്നുള്ളതാണ് ചോദ്യം. പാൻക്രിയാസ്,കരൾ എന്നിവയ്ക്കടക്കം ഗുരുതര പരിക്ക് പറ്റിയ വരുന്നവരുടെ ശസ്ത്രക്രിയയ്ക്ക് ഗ്യാസ്ട്രോ സർജറി വിഭാഗക്കാരുടെ സഹായം സർജറി വിഭാഗം തേടാറുണ്ട്. അത് ഇനി നൽകാൻ ആകില്ല എന്നാണ് കത്ത് മുഖേന വകുപ്പ് മേധാവി കൃത്യമായി അറിയിച്ചിരിക്കുന്നത്.
ഡോക്ടർമാരുടെ ക്ഷാമം ഉള്ളതിനാൽ ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. ആൾ ക്ഷാമം പരിഹരിക്കുന്ന മുറയ്ക്ക് അത്യാഹിത വിഭാഗത്തിലേക്ക് ആളെ നൽകാമെന്നും വകുപ്പ് മേധാവിയുടെ കത്തിൽ പറയുന്നു. കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ ക്ഷാമം നേരത്തെ പുറത്തുവന്നിരുന്നു. പിഎസ്‌സി നിശ്ചയിച്ച 15 പോസ്റ്റ് ഉള്ളിടത്ത് ആകെയുള്ളത് പത്ത് ഡോക്ടർമാരാണ്. ഇത് ചികിത്സയെ അടക്കം ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെ ആൾ ക്ഷാമവും വകുപ്പ് മേധാവി തന്നെ രേഖാമൂലം അധികൃതരെ അറിയിക്കുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ പോലും പുതിയതായി ആരും ജോലിയിൽ പ്രവേശിക്കുന്നില്ല. മെഡിക്കൽ കോളേജ് അധ്യാപകരുടെ എൻട്രി കേഡറിലെ ശമ്പള പരിഷ്കരണത്തിലെ അപാകതകളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.