KERALA

കലൂർ സ്റ്റേഡിയം സ്പോൺസർക്ക് നൽകിയതിൽ ജിസിഡിഎയ്ക്ക് ഗുരുതര വീഴ്ച; കൈമാറിയത് ത്രികക്ഷി കരാർ ഒപ്പിടുന്നതിന് മുൻപ്

ഈ മാസം ഒൻപതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അർജന്റീനയുടെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം നവീകരണ വിവാദത്തിൽ ജിസിഡിഎയ്ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തൽ. സ്പോൺസർ ആന്റോ അഗസ്റ്റിന് ജിസിഡിഎ സ്റ്റേഡിയം കൈമാറിയത് കരാർ ഒപ്പിടുന്നതിന് മുൻപ്. ത്രികക്ഷി കരാർ ഒപ്പിടാൻ തീരുമാനം ആകുന്നതിന് മുൻപേ സ്റ്റേഡിയം കൈമാറിയിരുന്നു എന്നും കണ്ടെത്തൽ.

ഈ മാസം ഒൻപതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്. ജിസിഡിഎ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, സ്പോൺസർ എന്നിവർ ചേർന്ന് ത്രികക്ഷി കരാറിലേക്ക് പോകാനാണ് യോഗത്തിൽ ധാരണ ഉണ്ടാക്കിയത്. എറണാകുളത്തു നിന്നുള്ള മന്ത്രി പി. രാജീവ് അടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഈ ത്രികക്ഷി കരാറിന് ധാരണ ഉണ്ടാക്കിയതല്ലാതെ ഇതുവരെ ഒപ്പിട്ടിരുന്നില്ല.

എന്നാൽ വിഷയത്തിൽ ജിസിഡിഎ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. അർജൻ്റീന ടീം വന്ന് പരിശോധിച്ചു. സംസ്ഥാന സർക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ പോരായ്മയുണ്ട്. സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി. അത് പൂർത്തീകരിച്ച് ഫിഫയുടെ അനുമതി ലഭിച്ചാൽ കളി നടക്കുമെന്നും സ്പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ ജിസിഡിഎയ്ക്കെതിരെ ഉമ തോമസ് എംഎൽഎ. ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഇല്ലെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. നവീകരണത്തിനുള്ള കരാർ ഒപ്പിട്ടതിലും അവ്യക്തതയുണ്ട്. എംഎൽഎ എന്ന നിലയിൽ നവീകരണവുമായി ബന്ധപ്പെട്ട് ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു.

SCROLL FOR NEXT