തിരുവനന്തപുരം: പിഎം ശ്രീയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സമവായ ഫോർമുലയുമായി സിപിഐഎം. പദ്ധതിയുടെ തുടർനടപടികൾക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാമെന്ന് നിർദേശം. സമിതിയിൽ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തും. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടർനടപടികൾ. പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നതടക്കം സമിതി പരിശോധിക്കുമെന്നും റിപ്പോർട്ട്.
അതേസമയം, പിഎം ശ്രീയിൽ എതിർപ്പ് കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ പാർട്ടി സെക്രട്ടറി നിലപാട് പറയുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 4ന് ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ തുടർനടപടികൾ ചർച്ച ചെയ്യും. അതിന് മുൻപ് എൽഡിഎഫ് യോഗം ചേരുമെന്നാണ് വിവരം.
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനമെന്നാണ് വിവരം. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.
പിഎം ശ്രീയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ച ഫലം കണ്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് സിപിഐ. ചര്‍ച്ചയില്‍ പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.