ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി ഷീല ജോയി, കാലടി തോട്ടകം സ്വദേശി സിബിൻ ജോണി (26) എന്നിവരാണ് മരിച്ചത് 
KERALA

ജർമനിയിൽ ഫ്ലാറ്റിലെ തീപിടിത്തം: മൂന്ന് മലയാളി ചെറുപ്പക്കാരുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാൻ നീക്കം

അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമേനിയൻ പൗരൻ കെട്ടിടത്തിന് മനഃപൂർവ്വം തീയിടുകയായിരുന്നു എന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി ചെറുപ്പക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. ഇടുക്കി സ്വദേശി നോവ സാബു, കൊല്ലം സ്വദേശി അഞ്ജലി എസ്. ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് തീവെപ്പിൽ മരിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും.

പഠനത്തിനും ജോലിക്കുമായി മെച്ചപ്പെട്ടൊരു ഭാവിയും ജീവിതവും തേടിയാണ് അവർ മൂന്ന് പേരും ജർമനിയിലേക്ക് വിമാനം കയറിയത്. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ ബോഹും നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ ആ അപ്രതീക്ഷിത തീവയ്പ്പ് കവർന്നെടുത്തത് ആ സ്വപ്നങ്ങളെ മുഴുവനുമാണ്. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമേനിയൻ പൗരൻ കെട്ടിടത്തിന് മനഃപൂർവ്വം തീയിടുകയായിരുന്നു എന്നാണ് വിവരം.

"മൂന്ന് മാസം മുൻപാണ് ഇടുക്കി ശാന്തിഗ്രാം സ്വദേശിയും റിട്ടയേർഡ് എസ്.ഐ സാബുവിന്റെ മകളുമായ നോവ സാബു ജിം ട്രെയിനറായി ജർമ നിയിലെത്തുന്നത്. സുഹൃത്തായ അഞ്ജലിയെ കാണാനാണ് നോവ ആ അപ്പാർട്ട്മെൻ്റിൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ദുരന്തം ഇന്നലെ വൈകീട്ടാണ് ഇടുക്കിയിലെയും കൊല്ലത്തെയും കുടുംബങ്ങൾ അറിയുന്നത്," പഞ്ചായത്ത് അംഗം ലാലച്ചൻ പറഞ്ഞു.

അഞ്ജലിക്ക് പൊള്ളലേറ്റ ലക്ഷണങ്ങളില്ലെന്നും, ശ്വാസകോശത്തിൽ കാർബൺ മോണോക്സൈഡ് പുക നിറഞ്ഞതാണ് മരണകാരണമെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഉപരിപഠനത്തിനായി വെറും ഒരു മാസം മുൻപ് മാത്രം ജർമനിയിലേക്ക് പോയ കാലടി സ്വദേശി സിവിൻ ജോണിയുടെ വീട്ടിലും തീരാവേദനയാണ്. സിവിന്റെ സഹോദരനും ജർമനിയിലുണ്ട്. സിവിന്റെ വിയോഗവാർത്തയറിഞ്ഞ് ചാലക്കുടി എം.പി ബെന്നി ബെഹനാൻ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാരും നോർക്ക വഴിയും മലയാളി അസോസിയേഷനുകൾ വഴിയും കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. ജർമൻ പൊലീസിൻ്റെ അന്വേഷണ നടപടികളും ഇൻക്വസ്റ്റും പൂർത്തിയാക്കി ചൊവ്വാഴ്ചയോടെ മൂന്ന് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവർ.

അതേസമയം, ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അടക്കമുള്ള തുടർനടപടികൾക്ക് ടൂറിസം, സാംസ്കാരിക, സിനിമാ മന്ത്രി പി.സി. വിഷ്ണുനാഥ് സഹായം ഉറപ്പുനൽകി. അഞ്ജലിയുടെ അമ്മാവനുമായി മന്ത്രി ഫോണിൽ സംസാരിച്ച് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

SCROLL FOR NEXT