Source: SocialMedia
KERALA

ആടിയ നെയ്യ് തട്ടിപ്പ് കേസ്: ശബരിമലയില്‍ വിജിലന്‍സ് പരിശോധന

33 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പരിശോധന.

Author : കവിത രേണുക

പത്തനംതിട്ട: ആടിയ നെയ്യ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശബരിമലയില്‍ വിജിലന്‍സ് പരിശോധന. 36 ലക്ഷം രൂപയുടെ ക്രമക്കേട് ആണ് നടന്നത്. 33 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പരിശോധന.

സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും വിവിധയിടങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 13675 പായ്ക്കറ്റ് വില്‍പ്പന നടത്തിയത് ദേവസ്വം ബോര്‍ഡിലേയ്ക്ക് രേഖപ്പെടുത്തിയില്ല. ഇത് സംബന്ധിച്ച് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ശബരിമല ആടിയ നെയ്യ് തട്ടിപ്പ് കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലൻസ് കേസെടുത്തത്. എസ് പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

നെയ്യ് വില്‍പനയിലെ ക്രമക്കേടില്‍ പ്രത്യേക അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീര്‍ഥാടകര്‍ക്കാണ് അഭിഷേകം നടത്തിയ നെയ്യ് പായ്ക്കറ്റുകളിലാക്കി വില്‍പന നടത്തുന്നതായി കണ്ടെത്തിയത്. ടെംപിള്‍ സ്പെഷല്‍ ഓഫീസര്‍ ഏറ്റുവാങ്ങി കൗണ്ടറുകള്‍ വഴി വിതരണം ചെയ്യുന്ന ഈ നെയ്യിന്റെ കണക്കുകളില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കൃത്രിമം പുറത്തുവന്നത്. ഭക്തര്‍ നല്‍കുന്ന പണം ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്ന സ്ഥിതിയാണെന്നും ഇത് അതീവ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു.

SCROLL FOR NEXT