കൊല്ലം: പുനലൂരിൽ മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഭർത്താവ് കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ സ്വർണമാണ് മോഷ്ടിച്ചത്. സംഭവത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടര ലക്ഷത്തോളം വിലവരുന്ന ആഭരണമാണ് മോഷണം പോയത്. പാദസരം, കമ്മൽ, രണ്ട് വള എന്നിവയാണ് നഷ്ടപ്പെട്ടത്. ബന്ധുക്കൾ ശാലിനിയുടെ സ്വർണാഭരണം തിരികെ ചോദിച്ചപ്പോൾ മോഷണവിവരം പുറത്തറിയുകയായിരുന്നു. താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് പുനലൂരിൽ ഭർത്താവ് ഐസക് ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക വിവരം ഭർത്താവ് ഐസക് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയും ചെയ്തു. കൊലയ്ക്ക് ശേഷം പ്രതി ഐസക് കീഴടങ്ങി.
ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നെന്നാണ് വിവരം. ഭാര്യക്ക് മറ്റു പല ബന്ധങ്ങളുമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. പിണങ്ങിപ്പോയ ശേഷം അമ്മയോടൊപ്പം കഴിയുകയായിരുന്നു ശാലിനിയെന്ന് ഐസക് പറയുന്നു. താനറിയാതെ സ്വർണം പണയം വെച്ചിരുന്നു. തൻ്റെ പേരെഴുതിയ മോതിരം അടക്കം ശാലിനി പണയം വെച്ചു. സ്വന്തമായുണ്ടാക്കിയ വീട്ടിൽ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ ഐസക് ആരോപിച്ചിരുന്നു.