ഇൻ്റലിജൻസ് മേധാവിക്കെതിരെ തിരുവിതാംകൂർ മുൻ രാജകുടുംബം 
KERALA

ആദിത്യവർമയെ താറടിച്ച് കാണിക്കാൻ നീക്കം; ഇൻ്റലിജൻസ് മേധാവിക്കെതിരെ തിരുവിതാംകൂർ മുൻ രാജകുടുംബം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടെന്ന കേസിൽ കടുത്ത നിലപാടുമായി തിരുവിതാംകൂർ മുൻ രാജകുടുംബം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട് നൽകിയ ഇൻ്റലിജൻസ് മേധാവിക്കെതിരെ തിരുവിതാംകൂർ മുൻ രാജകുടുംബം. ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതിന് പിന്നിൽ രാജകുടുംബമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടന്നത്. റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നും മുൻ രാജകുടുംബം ആരോപിച്ചു.

രാജകുടുംബാംഗമായ ആദിത്യവർമയെ ലക്ഷ്യം വച്ചാണെന്നും ആക്ഷേപമുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 78 ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്ന് കാട്ടി ഇൻ്റലിജൻസ് മേധാവി സർക്കാരിനെ സമീപിക്കുകയായിരുന്നു. ഇവർ നൽകിയ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഭരണസമിതിക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാൽ ക്ഷേത്ര അധികാരികൾ നടത്തിയ പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടില്ലെന്ന് തെളിഞ്ഞിരുന്നു. കളവ് പോയെന്ന് പറയുന്ന സ്വർണം ക്ഷേത്രത്തിൽ തന്നെയുണ്ടെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി. സ്വർണം കളവ് പോയെന്ന വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജകുടുംബാംഗത്തിൻ്റെ ആവശ്യം.

ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ രാജകുടുംബാംഗം സർക്കാരിനെ സമീപിക്കാനാണ് നീക്കം നടത്തുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത് മോഷ്ടിക്കുന്നവരാണെന്ന് പൊതുമധ്യത്തിൽ സ്ഥാപിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഇൻ്റലിജൻസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും രാജകുടുംബം ആരോപിച്ചു.

വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ക്ഷേത്രഭരണ സമിതിയും ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കാനാണ് മുൻ രാജകുടുംബത്തിൻ്റെ തീരുമാനം.

SCROLL FOR NEXT