

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷേത്ര കവർച്ച നടന്ന് ഇന്നേക്ക് 18 വർഷം പിന്നിടുമ്പോഴും കേസിൽ തുമ്പുണ്ടാക്കാനാകാതെ പൊലീസ്. തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 2008 മെയ് 30നാണ് വൻ കവർച്ച നടന്നത്. മൂർത്തിയുടെ ആഭരണങ്ങളും ക്ഷേത്രത്തിനും തന്ത്രിക്കും ലഭിച്ച അമൂല്യ വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു . പൊലീസ് സേനയിലെ വിവിധ സംഘങ്ങൾ കേരളത്തിനകത്തും പുറത്തുമായി വർഷങ്ങൾ അന്വേഷണം നടത്തിയെങ്കിലും കേസിൽ ഒരു പ്രതിയെ പോലും പിടികൂടാൻ ആയിട്ടില്ല .
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശ്രീരാമസ്വാമി ക്ഷേത്രമാണ് തൃശൂർ ജില്ലയിലെ തൃപ്രയാറിലേത് . നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ 2008 മെയ് 30നാണ് വൻ കവർച്ച നടന്നത്. പതിവ് പൂജകൾ പൂർത്തിയാക്കി നടയടച്ചു പോയ മേൽശാന്തിയും ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും പിറ്റേന്ന് ഉറക്കം ഉണർന്നത് വൻ കവർച്ചയുടെ വിവരം അറിഞ്ഞാണ് .
തൃപ്രയാർ തേവരുടെ പഞ്ചലോഹ തിടമ്പ്, വെള്ളിത്തിടമ്പ്, ഗോളക, മേൽശാന്തിയുടെ സ്വർണം , ഭണ്ഡാരപ്പണം, വെള്ളിപ്പാത്രങ്ങൾ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത് . മോഷണ മുതലുകളുടെ അന്നത്തെ മൂല്യം ഒരു കോടി രൂപയോളം ആയിരുന്നു . പ്രായാധിക്യം കൊണ്ടുള്ള അവശതകൾ ഉണ്ടെങ്കിലും , ക്ഷേത്രം തന്ത്രിയായ പത്മനാഭൻ നമ്പൂതിരി ഇന്നും ഒന്നും മറന്നിട്ടില്ല.
കേരളത്തെ ഞെട്ടിച്ച കവർച്ച അന്നത്തെ തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ആദ്യം അന്വേഷിച്ചത്. തുടർന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും കേസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല . സംസ്ഥാനത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും വിവിധ സംഘങ്ങൾ അന്വേഷണം നടത്തി. എന്നാൽ മോഷണം നടന്ന് 18 വർഷം തികയുമ്പോഴും കേസിൽ ഒരു വഴിത്തിരിവും ഉണ്ടായില്ല.
കേരള പൊലീസ് അന്വേഷണം നടത്തിയ കേസിൽ പ്രതികളെ പിടികൂടാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധങ്ങൾ മുന്നോട്ടു പോയെങ്കിലും പിന്നീട് കെട്ടടങ്ങി. കവർച്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കൊച്ചിൻ ദേവസ്വം ബോർഡ് പിന്നീട് തൃപ്രയാർ ക്ഷേത്രത്തിൽ ഹൈടെക് സുരക്ഷ ഏർപ്പെടുത്തിയത്. ആധുനിക സിസിടിവി നെറ്റ്‌വർക്ക്, അലാറം സിസ്റ്റം, സായുധ സുരക്ഷ തുടങ്ങിയ സംവിധാനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.