പാലക്കാട്: 500 രൂപയ്ക്ക് പഴയസാധനങ്ങൾ ആക്രിക്കാർക്ക് കൊടുത്ത യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി. പഴയസാധനങ്ങൾ ആക്രിക്കാർക്ക് കൊടുത്തതിന് പിന്നാലെ ചാഴിയാട്ടിരിയിലെ യുവാവിനെ തേടിയെത്തിയത് 5,000 രൂപ പിഴ അടക്കാനുള്ള നോട്ടീസ്.
കൂറ്റനാട് വീട്ടിലെ പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും പ്ലാസ്റ്റിക് സഞ്ചികളുമെല്ലാം കൂടി അഞ്ചു ചാക്ക് നിറയെ സാധനങ്ങളാണ് ആക്രിക്കാർക്ക് വിറ്റത്. ഈ ആക്രിസാധനങ്ങൾ വാങ്ങിയവർ അവ പുഴയോരത്തു തള്ളിയതാണ് പണിയായത്.
തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിൻ്റെ പേരിൽ ഉദ്യോഗസ്ഥർ യുവാവിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. പിഴത്തുക ഇയാൾ അടച്ചിട്ടുണ്ട്. പഴയ സാധനങ്ങളിൽ ചിതലുപിടിച്ച വസ്തുക്കൾ വാങ്ങിയവർ പൊതുസ്ഥലത്ത് തള്ളിയതാകാം പിഴയൊടുക്കുന്നതിലേക്ക് കൊണ്ടെത്തിച്ചതെന്ന് യുവാവ് പറഞ്ഞു.