Source: News Malayalam 24x7
KERALA

പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസുകാരിക്ക് രണ്ട് ലക്ഷം രൂപ സർക്കാർ സഹായം; അടിയന്തര സഹായത്തിൽ സന്തോഷമെന്ന് കുട്ടിയുടെ അമ്മ

രണ്ട് ലക്ഷം കൊണ്ട് മാത്രം തുടർ ചികിത്സയ്ക്കും അനുബന്ധ കാര്യങ്ങൾക്കും മതിയാവില്ലെന്നും കുട്ടിയുടെ അമ്മ

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട പെൺകുട്ടിക്ക് അടിയന്തര സഹായം അനുവദിച്ചതിൽ സന്തോഷമെന്ന് കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം കൊണ്ട് മാത്രം തുടർ ചികിത്സയ്ക്കും അനുബന്ധകാര്യങ്ങൾക്കും മതിയാവില്ല. കൃത്രിമ കൈ വയ്ക്കാൻ 25 ലക്ഷത്തിലധികം രൂപ വേണ്ടിവരും, വീട്ടു ചെലവുകൾക്കും തുടർജീവിതത്തിനും മറ്റു വഴിയില്ലെന്നും കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പല്ലശന സ്വദേശിയായ ഒൻപത് വയസുകാരിക്ക് അടിയന്തരമായി രണ്ട് ലക്ഷം രൂപ അനുവദിച്ചത്.

സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു. അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചു വന്നാൽ മതിയെന്ന് പറഞ്ഞാണ് തിരിച്ചയച്ചതെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.

വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാൽ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഇനി ഒക്ടോബർ അഞ്ചിന് വന്നാൽ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്നും കുടുംബം പരാതിയിൽ പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയിൽ എത്തി.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നും കുട്ടിയുടെ മാതാവ് പ്രസീത ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റിയത്.

SCROLL FOR NEXT