കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട്. കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെയുള്ള വിഷയങ്ങൾ സിബിഐ അന്വേഷിച്ച് തെളിഞ്ഞില്ലെങ്കിൽ പി.പി ദിവ്യയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കേരള പൊലീസ് അന്വേഷണം മതിയെന്ന നിയമോപദേശവും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് സർക്കാരിന് ലഭിച്ചു.
ഇക്കഴിഞ്ഞ ജൂൺ നാലിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഡെൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരം കേന്ദ്ര സർക്കാരിന് വിജ്ഞാപനം അയക്കുകയും ചെയ്തു. എന്നാൽ സിബിഐ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സിബിഐ ഡയറക്ടറുടെ റിപ്പോർട്ടിൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് സിബിഐ അന്വേഷണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കേണ്ടത്.
ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങളിൽ നിന്നാണ് സംസ്ഥാന സർക്കാർ പിറകോട്ട് പോകുന്നത്. മാത്രമല്ല, നിലവിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയ കേസിലെ വിചാരണ നിർത്തി വയ്ക്കാൻ പ്രോസിക്യൂഷൻ മുഖേന ഇതുവരെയും ആവശ്യപ്പെട്ടിട്ടുമില്ല. സിബിഐ അന്വേഷണം തിരിച്ചടിയാകുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാരിൻ്റെ പിൻവാങ്ങൽ.
നിയമോപദേശത്തിൽ പ്രധാനമായും പറയുന്ന കാര്യങ്ങൾ ഇവയാണ്
1.കുടുംബം ആരോപിക്കുന്നത് പോലെ കൊലപാതകമോ, അതിൻ്റെ ഗൂഢാലോചനയോ സിബിഐ അന്വേഷണത്തിൽ തെളിഞ്ഞില്ലെങ്കിൽ കേസ് ദുർബലമാകും
2. പി.പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകളും സാഹചര്യങ്ങളുമുണ്ട്.
ഇക്കാര്യങ്ങൾ പരിഗണിക്കാതെ സിബിഐ അന്വേഷണത്തിലേക്ക് പോയാൽ പി.പി ദിവ്യ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. അസഫലി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നത്.