KERALA

ഇഡി കത്തിലെ സര്‍ക്കാര്‍ നീക്കം: പ്രതിരോധം തീര്‍ത്ത് സിപിഐഎം; ബിജെപി ഡീലിന്റെ ഭാഗമെന്ന് തോമസ് ഐസക്ക്, ഇരട്ടത്താപ്പെന്ന് കെ.കെ. ശൈലജ

ഇഡി രാജ്യത്താകെ സ്വീകരിക്കുന്നത് കേഡിയുടെ രീതിയാണെന്ന് എം.വി. ജയരാജന്‍ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

ഇഡി ശുപാര്‍ശയില്‍ പിണറായി വിജയനെതിരെ കേസെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിരോധം തീര്‍ത്ത് സിപിഐഎം. കേസ് ആര് അന്വേഷിച്ചാലും കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടരി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ നീക്കം ബിജെപി ഡീലിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ ആരോപണം. ഇഡി ഒരു കേഡി എന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പ്രതികരണം. പിണറായി വിജയന്‍ സിപിഐഎമ്മിന്റെ കരുത്തും ശക്തിയുമാണെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചു.

തെളിവുകളില്ലാതെ പാർട്ടിക്കെതിരെ ശക്തമായ കടന്നാക്രമണം നടത്തുകയാണെന്നും, ഇതുകൊണ്ടൊന്നും സിപിഐഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അങ്ങനെ ഒരു പ്രതീക്ഷ മോദിക്കും വിഡിക്കും വേണ്ട. ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും. എല്ലാത്തരത്തിലുള്ള കടന്നാക്രമണങ്ങളെയും അതിജീവിക്കും. പിണറായിക്കെതിരായ കേസ് ആര് അന്വേഷിച്ചാലും കാര്യമില്ല. അന്വേഷണത്തിന് അടിസ്ഥാനമില്ല. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ശക്തമായ പ്രതിരോധം തീര്‍ക്കും. ആരും ഒളിച്ചോടുന്നില്ല. തെളിവിന്റെ കണിക പോലുമില്ല, പിന്നെന്തിന് ഒളിച്ചോടണം? ഇഡിക്ക് നൽകിയ മൊഴി അന്നുതന്നെ നിഷേധിക്കപ്പെട്ടതാണ്. സിപിഐഎമ്മിന് കൃത്യമായ വ്യക്തതയുണ്ട്. എക്സാലോജിക്കിലൂടെ ലക്ഷ്യമിട്ടത് പിണറായിയെ തന്നെയാണ്. അത് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇഡിക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം. ഇഡി ശുപാര്‍ശയിലെ സര്‍ക്കാര്‍ നീക്കം ഇരട്ടത്താപ്പാണ്. കോണ്‍ഗ്രസിനെതിരെ അന്വേഷണം വരുമ്പോള്‍ ഇഡി ശരിയല്ല എന്നു പറയുന്നു. ഇവിടെ സിപിഎമ്മിനെതിരെ വരുമ്പോള്‍ ഇഡി ശരിയാകുന്നു. ഇത് ഇരട്ടത്താപ്പാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ബിജെപി-യുഡിഎഫ് ഡീലാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ഇഡി രാജ്യത്താകെ സ്വീകരിക്കുന്നത് കേഡിയുടെ രീതിയാണെന്ന് എം.വി. ജയരാജന്‍ പ്രതികരിച്ചു. നേരത്തെ മാസപ്പടി ആയിരുന്നു. ഇപ്പോള്‍ അതാരും പറയുന്നില്ല. ഊതിക്കാച്ചിയ പത്തരമാറ്റിന്റെ തിളക്കത്തോടെ ഈ കേസിൽ നിന്നും പിണറായി വിജയൻ പുറത്തുവരുമെന്നും ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ സിപിഐഎമ്മിനെ തകര്‍ക്കാനാണ് ശ്രമമെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചു. പാര്‍ട്ടിയുടെ കരുത്തും ശക്തിയുമാണ് പിണറായി വിജയന്‍. അദ്ദേഹത്തെ എത്ര കാലമായി ലക്ഷ്യംവയ്ക്കുന്നു? അദ്ദേഹത്തെ ലക്ഷ്യമിട്ടു വെച്ച വെടി എനിക്ക് കൊണ്ടതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. അതുകൊണ്ടൊന്നും തകർക്കാൻ പറ്റാതെ വന്നപ്പോൾ കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നു. കേസ് നിർമിച്ച് പിണറായിയെ തകർത്ത് പാർട്ടിയെ ഇല്ലാതാക്കാം എന്നാണ് കരുതുന്നത്. പൊരുതി വന്ന പാര്‍ട്ടിയാണിത്. എന്തു പ്രചരിപ്പിച്ചും പാർട്ടിയെ തകർക്കാം എന്നാണ് കരുതുന്നത്. പാർട്ടി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

SCROLL FOR NEXT