തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ അടിമുടി അഴിച്ചുപണിക്ക് സർക്കാർ. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എച്ച്. വെങ്കിടേഷിനെ മാറ്റും. ക്രൈം ബ്രാഞ്ച് തലപ്പത്തേക്ക് എഡിജിപി എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തിയേക്കും. ഇൻ്റലിജൻസ് മേധാവി പി. വിജയൻ സുപ്രധാന ചുമതലയിലേക്ക് എത്താനും സാധ്യതയുണ്ട്. മനോജ് എബ്രഹാം വിജിലൻസ് മേധാവിയായി തുടരുമെന്നാണ് റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.
എഡിജിപി എച്ച്. വെങ്കിടേഷ് പിണറായി സർക്കാരിൻ്റെ കാലത്ത് ക്രമസമാധാനം, ക്രൈംബ്രാഞ്ച് ഉൾപ്പെടെ രണ്ട് സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ള കേസിൻ്റെ അന്വേഷണ മേൽനോട്ടം വഹിച്ചതും വെങ്കിടേഷായിരുന്നു. സർക്കാർ മാറിയതോടെ സുപ്രധാന ചുമതലകളിൽ നിന്ന് വെങ്കിടേഷിനെ മാറ്റാനാണ് ആലോചന. ബറ്റാലിയൻ എഡിജിപിയായി നിയമിക്കാനാണ് നീക്കം. അല്ലെങ്കിൽ ക്രമസമാധാനം ഒഴിവാക്കി, ക്രൈംബ്രാഞ്ച് മേധാവി മാത്രമാക്കും.
ക്രമസമാധാന ചുമതലയിലേക്ക് ഇൻ്റലിജൻസ് മേധാവി പി വിജയൻ്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപിനും സാധ്യതയുണ്ട്. പി. വിജയനെ ഇൻ്റലിജൻസ് മേധാവി സ്ഥാനത്ത് നിന്ന് തൽക്കാലം മാറ്റേണ്ടതില്ലെന്ന ആലോചനയുമുണ്ട്.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാണെന്ന് അറിഞ്ഞയുടനെ വീട്ടിലെത്തിയ ജി. ലക്ഷമൺ പൊലീസ് ആസ്ഥാനത്തെ എഡിജിപിയാകാൻ ശ്രമം നടത്തുന്നതായാണ് വിവരം. എന്നാൽ മോൺസൺ മാവുങ്കൽ കേസിൽ ഉൾപ്പെടെ ആരോപണ വിധേയനും നടപടികൾ നേരിട്ടയാളുമായ ലക്ഷമണിനെ സുപ്രധാന ചുമതലയിൽ കൊണ്ടു വരുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശന് എതിർപ്പുണ്ട്.
പൊലീസ് ആസ്ഥാനത്തെ ഐജിയെന്ന സുപ്രധാന ചുമതലയിലേക്ക് ഹർഷിത അട്ടല്ലൂരി എത്തുമെന്നാണ് സൂചന. കമ്മീഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്കും മാറ്റമുണ്ടാകും. നിലവിലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിനെ മാറ്റാൻ തീരുമാനിച്ചാൽ പകരം ഡിഐജി അരുൾ ബി. കൃഷ്ണ എത്താനാണ് സാധ്യത. അല്ലെങ്കിൽ, അരുൾ ദക്ഷിണ മേഖലാ ഡിഐജിയാകും.
ആർ. നിശാന്തിനിയാകും ദക്ഷിണ മേഖല ഐജി. ടി.പി. ചന്ദ്രശേഖരൻ വധം, ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം ഉൾപ്പെടെ സിപിഐഎമ്മിന് തലവേദനകളായ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി എ.പി. ഷൗക്കത്തലിയെ വീണ്ടും കണ്ണൂരിലേക്ക് അയക്കാനാണ് യുഡിഎഫ് സർക്കാർ ആലോചിക്കുന്നത്.