തിരുവനന്തപുരം: കട്ടേല റസിഡൻഷ്യൽ സ്‌കൂളിലെ മിഠായി വിതരണ വിവാദത്തിൽ പ്രതികരിക്കാതെ പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. സംഭവ സമയത്ത് മുരളീധരൻ്റെ പ്രവൃത്തിയെ തടയാനോ തിരുത്താനോ മന്ത്രി തയ്യാറായില്ലെന്ന വിമർശനം ഉയർന്നിരുന്നു. വിമർശനം ഉയർന്നിട്ടും പ്രതികരിക്കാൻ കെ.എ. തുളസി തയ്യാറായിട്ടില്ല.
കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം. സ്കൂൾ പ്രവേശനോത്സവത്തിനിടെ എംഎൽഎ വി. മുരളീധരൻ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്തതാണ് വിവാദത്തിന് വഴിവച്ചത്. മേശപ്പുറത്ത് മിഠായി തട്ടിയിട്ടശേഷം മുരളീധരൻ അതെടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് ഉദ്‌ഘാടകയായി മന്ത്രി കെ.എ. തുളസി സ്കൂളിൽ എത്തിയിരുന്നു.
'മുരളീധരൻ്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണ്. വിദ്യാര്‍ഥികളെ അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു? മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ. ഇത്തരം പ്രവൃത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല,' എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര്‍ എംഎല്‍എ' എന്നായിരുന്നു റഹീമിൻ്റെ പ്രതികരണം. 'മനസ്സില്‍ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? അവര്‍ മിടുക്കരായ കുട്ടികളാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍' ആ കുട്ടികളോടും കേരളത്തോടും വി. മുരളീധരന്‍ എംഎല്‍എ നിരുപാധികം മാപ്പ് പറയണം എന്നും എ.എ.റഹീം പറഞ്ഞു.
അതേസമയം, ഓരോ കുട്ടിക്കായി മിഠായി വിതരണം ചെയ്താൽ മന്ത്രി അടക്കമുള്ളവർ കാത്തു നിൽക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് മിഠായികൾ മേശ തോറും ഒന്നിച്ച് നൽകിയത് എന്നായിരുന്നു വി. മുരളീധരന്‍ എംഎല്‍എയുടെ പ്രതികരണം. ചെറിയ കാര്യത്തിന് സിപിഐഎം ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാൻ ശ്രമിച്ചു. കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽ കുത്തി നിറയ്ക്കാൻ ശ്രമിച്ചതെന്നും എംഎൽഎ ആരോപിച്ചിരുന്നു.