സർക്കാർ അന്വേഷണത്തിൽ എൻ. പ്രശാന്ത് ഐഎഎസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Source: Facebook
KERALA

അധിക്ഷേപമല്ല, വസ്തുനിഷ്ഠമായ ആരോപണങ്ങൾ; സർക്കാർ അന്വേഷണത്തിൽ എൻ. പ്രശാന്ത് ഐഎഎസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

അഴിമതിയും, വ്യാജരേഖ ചമയ്ക്കലും, സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ അധിക്ഷേപിച്ചു എന്ന് വിശേഷിപ്പിക്കുന്നത് എന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ അന്വേഷണത്തിൽ പ്രതികരിച്ച് എൻ. പ്രശാന്ത് ഐഎഎസ്. അധിക്ഷേപമല്ല വസ്തുനിഷ്ഠമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് എൻ. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. അഴിമതിയും, വ്യാജരേഖ ചമയ്ക്കലും, സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ അധിക്ഷേപിച്ചു എന്ന് വിശേഷിപ്പിക്കുന്നത് എന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സൈബറിടത്ത് അധിക്ഷേപിച്ചതിലാണ് എൻ. പ്രശാന്ത് ഐഎഎസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അഡീ. ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല. സസ്പെൻഡ് ചെയ്തത് ഒൻപത് മാസത്തിന് ശേഷമാണ് അന്വേഷണം.

എൻ. പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

എന്തായിരുന്നു ഈ 'അധിക്ഷേപം' എന്ന് അറിയാൻ വലിയ ആകാംഷയുണ്ട്‌. അഴിമതിയും, വ്യാജരേഖ ചമയ്ക്കലും, സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്‌? ഞാനെന്താണ്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാൽ ഇപ്പോഴും കാണാം. ചെയതത്‌ പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ്‌ മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച്‌ മൂടാനും ഇതുകൊണ്ടാവില്ല.

ആരോപണങ്ങൾ തെളിവ്‌ സഹിതം നൽകിയിട്ടും അന്വേഷിക്കില്ലെന്നും, അത്‌ സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനായ എനിക്ക്‌ നൽകാൻ യാതൊരു ബാധ്യതയുമില്ലെന്നും മുൻ ചീഫ്‌ സെക്രട്ടറി ഒരു അഭിമുഖത്തിൽ പറഞ്ഞത്‌ എല്ലാവരെയും ഞെട്ടിച്ചതാണ്‌. എന്നാൽ ഒന്നോർക്കുക, കേവലം IAS പോരെന്നും അധിക്ഷേപമെന്നും വരുത്തിത്തീർത്ത്‌ ഡോ.ജയതിലകും ഗോപാലകൃഷ്ണനും ചെയ്ത ഗുരുതരമായ കുറ്റങ്ങൾ എക്കാലവും മറയ്ക്കാൻ സാധിക്കില്ല.

2008 ൽ മസൂറി ട്രെയിനിംഗ്‌ കഴിഞ്ഞ്‌, ബഹു.മുൻ മുഖ്യമന്ത്രി വി.എസിന്റെ മുന്നിലാണ്‌ ഞാനും എന്റെ ബാച്ച്‌ മേറ്റ്‌ ശ്രീ. അജിത്‌ പാട്ടേലും റിപ്പോർട്ട്‌ ചെയ്യുന്നത്‌. കൂടുതൽ പറയുന്നില്ല, ‌ വസ്തുനിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാർക്ക് നന്നായറിയാം.

SCROLL FOR NEXT