കോഴിക്കോട് മെഡിക്കൽ കോളേജ് Source: Screengrab
KERALA

കുടിശ്ശിക 158 കോടി രൂപ! സർക്കാർ കാത്ത് ലാബുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

പണം കിട്ടാതെ വന്നാൽ സെപ്തംബർ ഒന്ന് മുതൽ വിതരണം പൂർണമായും നിർത്തി വെക്കാനാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

ഹൃദയാരോഗ്യ ചികിത്സ നടക്കുന്ന സർക്കാർ കാത്ത് ലാബുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശ്ശികയെ തുടർന്ന് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, ഏജൻസികൾ നിർത്തി വെച്ചതാണ് കാരണം . തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകൾ അടക്കം 21 പ്രധാന സർക്കാർ ആശുപത്രികളിലേക്ക് ഉപകരണങ്ങൾ നൽകിയതിന് 158 കോടി രൂപയാണ് വിതരണ ഏജൻസികൾക്ക് ലഭിക്കാനുള്ളത്.

മെഡിക്കൽ ഉപകരണങ്ങൾ ലഭിക്കാതെ വന്നതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൻജിയോ പ്ലാസ്റ്റി നിർത്തി വെച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ സർക്കാർ കാത്ത് ലാബുകളുടെ പ്രതിസന്ധി വ്യക്തമാകുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ ഉൾപ്പടെ 21 സർക്കാർ ആശുപത്രികൾ 158. 68 കോടി രൂപയാണ് വിതരണ ഏജൻസിക്ക് നൽകാനുള്ളത്. ഏറ്റവും കൂടുതൽ തുക നൽകാനുള്ളത് കോഴിക്കോട് മെഡിക്കൽ കോളേജാണ്.

35 കോടി രൂപ നൽകാനുണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 29.56 കോടി, ആലപ്പുഴ മെഡിക്കൽ കോളേജ് 12.24 കോടി, കോട്ടയം 21. 74 കോടി , എറണാകുളം ജനറൽ ആശുപത്രി 13.74 കോടി എന്നിങ്ങനെ കുടിശ്ശികയുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുടിശ്ശിക തീർക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിതരണം നിർത്തി വെച്ചതെന്ന് വിതരണ ഏജൻസി പറയുന്നു.

പണം കിട്ടാതെ വന്നാൽ സെപ്തംബർ ഒന്ന് മുതൽ വിതരണം പൂർണമായും നിർത്തി വെക്കാനാണ് തീരുമാനം. ഇത് കാത്ത് ലാബുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കും. പ്രശ്ന പരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

SCROLL FOR NEXT