വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി 15 ലക്ഷം ധനസഹായം ലഭിച്ചവർ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളിൽ താമസിക്കാൻ പാടില്ലെന്ന് സർക്കാർ. ടൗൺഷിപ്പിൽ വീടോ 15 ലക്ഷം രൂപയോ ലഭിച്ചവർ വീടുകളിൽ നിന്നും ഉപയോഗ യോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ സ്വയം പൊളിച്ചു മാറ്റണം. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദേശിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്നു തീരുമാനിച്ച 104 കുടുംബങ്ങൾക്കാണ് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം ലഭിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി ആകെ 16.05 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് നൽകിയത്.
ടൗൺഷിപ്പിലെ 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയിൽ 107 പേരായിരുന്നു 15 ലക്ഷം രൂപ മതി എന്നറിയിച്ചത്. ഇതിൽ രണ്ടുപേർ പിന്നീട് ടൗൺഷിപ്പിൽ വീടു വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഒരാൾ എറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാരിയാണ്. ഉന്നതിയിൽ ഉൾപ്പെട്ട ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ വീടു നൽകി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ മൂന്നുപേർ ഒഴികെ ബാക്കിയുള്ള മുഴുവൻ പേർക്കുമാണ് 15 ലക്ഷം രൂപ വീതം നൽകിയത്.