തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ. മത്സരയോട്ടം നിയന്ത്രിക്കുന്നതിന് എൻഫോഴ്സ്മെന്റ് പരിശോധന ശക്തമാക്കാൻ നിർദേശം. നിയമലംഘനം ആവർത്തിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെ സ്വകാര്യ ബസ് അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കർശന നടപടിയ്ക്ക് ഗതാഗത വകുപ്പ് നിർദേശം നൽകിയത്.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടം സംബന്ധിച്ച് പരാതികൾ പതിവാണ്. പരിശോധന കർക്കശമാക്കുമ്പോൾ മത്സരയോട്ടത്തിൽ നിയന്ത്രണം വരുത്തുകയും പരിശോധനയ്ക്ക് അയവ് വരുമ്പോൾ നിയമലംഘനങ്ങൾ ആവർത്തിക്കുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാൽ കടുത്ത നടപടി സ്വീകരിക്കാനാണ് നിലവിലെ നിർദേശം. ഇതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് പരിശോധന ശക്തമാക്കും. സ്പെഷ്യൽ ഡ്രൈവുകൾ നടത്താൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കും. ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധന സമയത്ത് ജീവനക്കാർ ഇത് ഹാജരാക്കണം. ബസുകളിലെ ക്യാമറ, ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ പ്രവർത്തനക്ഷമം അല്ലെങ്കിലും നടപടി ഉണ്ടാകും. മത്സരയോട്ടം തടയാൻ ജിയോ ഫെൻസിങ് സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചുവെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.