ആർ. ബിന്ദു 
KERALA

ഹൈക്കോടതി വിധി അംഗീകരിക്കുന്നു, ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല: മന്ത്രി ആര്‍. ബിന്ദു

കേരള സിലബസ് വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോർമുല പ്രകാരമുള്ള പുതിയ പട്ടിക ഉടൻ പുറത്തിറക്കും. എന്‍ട്രന്‍സ് കമ്മീഷന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപ്പീലിന് പോകാത്തതിന് കാരണം പ്രവേശനത്തിനുള്ള സമയപരിധി മൂലമാണെന്നും, കേരള സിലബസ് വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

"ഓഗസ്റ്റ് പതിനാലിന് മുന്‍പ് അഡ്മിഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. കുട്ടികളുടെ നന്മയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. അടുത്തവര്‍ഷം സമയമെടുത്ത് നേരത്തേ തന്നെ ചെയ്യും", മന്ത്രി.

കീം പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിൽ ഇടപെടാനാവില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. അക്കാദമിക് പ്രശ്നങ്ങളെ സര്‍വീസ് വിഷയം പോലെ പരിഗണിക്കാൻ പറ്റില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഇനി സാധിക്കില്ല.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ നിരീക്ഷണം ശരിയാണെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

SCROLL FOR NEXT