കേരളത്തെ ബാലവേലാ വിമുക്തമാക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ‘ശരണബാല്യം’ പദ്ധതി നടപ്പിലാക്കി വരുന്നതായി മന്ത്രി വീണാ ജോർജ്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകളാണ് സംഘടിപ്പിച്ചത്. 56 കുട്ടികളെ പുനരധിവസിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്തുടനീളം കുട്ടികൾ ബാലവേലയ്ക്ക് ഇരയാവാൻ സാധ്യതയുള്ള 140 ഹോട്ട്സ്പോട്ടുകളാണ് പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലൂടെ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയത് (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂർ 10, കാസർഗോഡ് 7 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ ഹോട്ട്സ്‌പോട്ടുകൾ.
ഉത്സവ സ്ഥലങ്ങള്‍, കമ്പനികള്‍, തോട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഹോട്ടസ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ അത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. ശരണബാല്യം പദ്ധതിയുടെ ഭാഗമായി കണ്ടെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുമ്പാകെ എത്തിക്കും. ഇതര സംസ്ഥാനങ്ങളിലുള്ള കുട്ടികളാണെങ്കില്‍ അതത് സംസ്ഥാനങ്ങളിലെ സിഡബ്ല്യുസികളിലേക്ക് തിരികെ അയയ്ക്കും. അതിന് സാധിക്കാത്തവരുടെ സംരക്ഷണം വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കും. ‘ശരണബാല്യം’ പദ്ധതിയെ കാവൽ പ്ലസ് പദ്ധതിയുമായി ബന്ധിപ്പിച്ച് ദീർഘനാൾ സേവനങ്ങൾ നൽകിയാണ് കുട്ടികളെ പുനരധിവസിപ്പിച്ചു വരുന്നത്. ബാലവേല പൂർണമായും സംസ്ഥാനത്തു നിന്ന് തുടച്ചുനീക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് വനിതാ ശിശു വികസന വകുപ്പ് പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.