ബാല്യം കവര്‍ന്നെടുക്കുന്ന വേലകള്‍; ഇന്ന് ലോക ബാലവേല വിരുദ്ധദിനം

ദാരിദ്ര്യം, രോഗം, കുടുംബത്തിലെ വരവുചെലവ് കണക്കുകൾ നോക്കുന്ന മുതിർന്ന ആളുകളുടെ അഭാവം എന്നിവ ബാലവേലയിലേക്ക് വഴിതുറക്കുന്ന ഘടകങ്ങളാണ്
World Day Against Child Labour
ഇന്ന് ലോക ബാലവേല വിരുദ്ധദിനംSource: News Malayalam 24x7
Published on

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പണിയിടങ്ങളിലേക്ക് എറിയപ്പെടുന്ന ബാല്യങ്ങൾ. കളിയിടങ്ങൾ അന്യമാകുകയും, തൊഴിലിടങ്ങൾ പരിചിതമാകുകയും ചെയ്യുന്ന അവസ്ഥാന്തരം. ബാലവേല. അന്നന്നത്തെ അന്നത്തിനായി, കൂടപിറപ്പുകൾക്ക് വേണ്ടി, സ്വന്തം കുടുംബത്തിന് വേണ്ടി തെരുവിലലയപ്പെടുന്ന ബാല്യങ്ങൾ. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ വളർച്ചയിൽ നിർണായകമായ കാലഘട്ടത്തിൽ ഇത് സംഭവിക്കുന്നു എന്നതിനാൽ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.

ബാലവേലയോ? അതൊക്കെ ഇപ്പോഴും ഉണ്ടോ എന്ന് ചിന്തിക്കുന്നവരോട്, ബാലവേല അന്നും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. കൃത്യമായ നടപടികളിലൂടെ ബാലവേല കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ വരും വർഷങ്ങളിലും നിരവധി ബാല്യങ്ങൾ ബലി നൽകേണ്ടി വരുമെന്ന കാര്യവും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര തൊഴിൽ സംഘടനയാണ് ആഗോള തലത്തിൽ ജൂൺ 12 ന്, ബാലവേല വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പുരോഗതിയും ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനത്തിലെ പ്രമേയം.

World Day Against Child Labour
ആശങ്ക ഒഴിയാതെ കോവിഡ്; പുതിയ വകഭേദത്തെ ഭയപ്പെടണോ ?

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ബാലവേല ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നിരുന്നാലും മൊത്തം ബാലവേലയുടെ പകുതിയിലധികവും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിലെ കണക്ക് പരിശോധിച്ചാൽ, ഗ്രാമപ്രദേശങ്ങളിലാണ് ബാലവേല കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിൽ തന്നെ കാർഷിക മേഖലയിലാണ് കുട്ടികൾ കൂടുതലായും തൊഴിലെടുക്കുന്നത്.

ബാലവേല ഇന്നും ഒരു ആഗോള പ്രശ്നമായി തുടരുന്നു. 2020 ന്റെ തുടക്കത്തിൽ ഏകദേശം 16 കോടി കുട്ടികൾ ബാലവേലയിൽ ഏർപ്പെട്ടിരുന്നു എന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ജോലിയിൽ ഏർപ്പെടുന്ന കുട്ടികളിൽ പകുതിയോളം പേരും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നത് എന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഒരു കുട്ടിയെ സംബന്ധിച്ച് തൻ്റെ പ്രായത്തിൽ ചെയ്യാൻ കഴിയാത്ത അപകടകരമായേക്കാവുന്ന ജോലികളെയാണ് ബാലവേല എന്ന് വിളിക്കുന്നത്.

കുട്ടികളുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ധാർമ്മിക വികാസത്തിനോ ഹാനികരമായേക്കാവുന്ന സാഹചര്യങ്ങളുള്ള ജോലിയെയാണ് അപകടകരമായ ജോലി എന്നത് കൊണ്ട് അർഥമാക്കുന്നത്. "ബാലവേലയെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, നമ്മൾ ഒരു സാമൂഹിക പ്രശ്നത്തെ മാത്രമല്ല അഭിസംബോധന ചെയ്യുന്നത്. വികസന പരാജയത്തെ കൂടിയാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറൽ പറഞ്ഞത്.

2000 മുതൽ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, ബാലവേല കുറയ്ക്കുന്നതിൽ ലോകം സ്ഥിരമായ പുരോഗതി കൈവരിച്ചുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ലോകത്ത് ഉണ്ടാകുന്ന സംഘർഷങ്ങൾ, പ്രതിസന്ധികൾ, COVID-19 എന്നിവ കൂടുതൽ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിച്ചതോടെ കുട്ടികളെ ബാലവേല ചെയ്യുന്നതിലേക്കും തള്ളിവിടുകയാണ് ഉണ്ടായത്.

ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികളുടെ ശതമാനത്തിൽ - അഞ്ചിലൊന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആഫ്രിക്കയാണ്. ലോകമെമ്പാടുമുള്ള ബാലവേലയിൽ പത്ത് കുട്ടികളിൽ ഒമ്പത് പേരും ആഫ്രിക്ക, ഏഷ്യ, പസഫിക് മേഖലകളിൽ ഉള്ളവരാണ്. ശേഷിക്കുന്ന ബാലവേല കണക്കുകൾ യുഎസ്, യൂറോപ്പ്, മധ്യേഷ്യ , അറബ് രാജ്യങ്ങൾ എന്നി രാജ്യങ്ങളിലായി തരംതിരിച്ചിരിക്കുന്നു. ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, യുഎസിൽ 5% കുട്ടികളും, യൂറോപ്പിലും മധ്യേഷ്യയിലുമായി 4% കുട്ടികളും, അറബ് രാജ്യങ്ങളിൽ 3% കുട്ടികളും ബാലവേലയിൽഏർപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2020 ൻ്റെ തുടക്കത്തിലെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 6കോടി പെൺകുട്ടികളും 9കോടി ആൺകുട്ടികളും ബാലവേല ചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഏകദേശം 28 ശതമാനവും, 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 35 ശതമാനവും വിദ്യാലയങ്ങളിൽ പോകുന്നില്ല. ആഗോളതലത്തിൽ, എല്ലാ പ്രായത്തിലുമുള്ള പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് ബാലവേലയിൽ കൂടുതലായി ഏർപ്പെടേണ്ടിവരുന്നത്.

World Day Against Child Labour
കുട്ടികളെ കരുതാം; മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ചില മാർഗങ്ങൾ

ഖനനം, നിർമാണം എന്നീ മേഖലകളിൽ ആൺകുട്ടികളാണ് കൂടുതലായും ജോലി ചെയ്യേണ്ടി വരുന്നത്. വീട്ടുജോലി ഉൾപ്പെടെയുള്ള രംഗത്താണ് പെൺകുട്ടികൾ ജോലി ചെയ്യേണ്ടി വരുന്നത്. മിക്കപ്പോഴും സാമ്പത്തിക വെല്ലുവിളികൾ ഉണ്ടാകുമ്പോഴാണ് കുട്ടികളെ തൊഴിലിടങ്ങളിലേക്ക് തള്ളവിടുന്നത്. ദാരിദ്ര്യം, രോഗം, കുടുംബത്തിലെ വരവുചെലവ് കണക്കുകൾ നോക്കുന്ന മുതിർന്ന ആളുകളുടെ അഭാവം എന്നിവ ബാലവേലയിലേക്ക് വഴിതുറക്കുന്ന ഘടകങ്ങളാണ്.

കൃഷിയിടങ്ങളിൽ തൊഴിലെടുക്കുന്നവർ അപകടകരമായ യന്ത്രങ്ങളുടേയും, രാസവസ്തുക്കളുടേയും സമ്പർക്കത്തിന് വിധേയരാകുന്നു. കടുത്ത ചൂടിലും അവർക്ക് അവരുടെ ജോലി പൂർത്തിയാക്കേണ്ടതായി വരുന്നു. ഖനനമേഖലയിൽ തൊഴിലെടുക്കുമ്പോൾ വലിയ പാറകൾ വലിച്ചിടാനോ, അയിരിൽ നിന്ന് ധാതുക്കളോ, വിലയേറിയ ലോഹങ്ങളോ, വേർതിരിച്ചെടുക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കാനും അവർ നിർബന്ധിരാകുന്നു.

മത്സ്യബന്ധന മേഖലയിലാണെങ്കിൽ പ്രതികൂല കാലവസ്ഥയിലും കുറെ ദൂരം താണ്ടി പോകുകയും, കടലിൽ ദീർഘനേരം ചെലവഴിക്കേണ്ടതായും വന്നേക്കാം. തെരുവുകളിൽ പണിയെടുക്കുന്നവർ ആണെങ്കിലോ, അവർക്ക് പുകയും, മാലിന്യങ്ങളും കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടതായും വരുന്നു.

ബാലവേല കുട്ടികളെ അവരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ നേടുന്നതിൽ നിന്ന് തടയിടുന്നു. തൊഴിലിടങ്ങളിലേക്ക് എത്തപ്പെടുന്ന കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിലോ, ആരോഗ്യസംരക്ഷണത്തിലോ ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല. കൂടാതെ ആവശ്യമുള്ള സമയത്ത് അവരുടെ അടിസ്ഥാനപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുകയും ചെയ്യുന്നു.

ബാലവേല പൂർണമായും തുടച്ചുനീക്കുന്ന പാതയിൽ ലോകം ഇനിയും എത്തിയിട്ടില്ല. 2030ആകുമ്പോഴെക്കും സുസ്ഥിര വികസന പ്രവർത്തനങ്ങളും വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്ക് എത്തിയില്ലെങ്കിൽ. അപ്പോഴും ലോകത്ത് 12കോടി കുട്ടികൾ ബാലവേല ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പിലേക്കും ഐക്യരാഷ്ട്രസംഘടന വിരൽചൂണ്ടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com