Source: Screengrab
KERALA

കേരള സർവകലാശാലയിൽ പ്രതിഷേധത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ നിർദേശിച്ചത് ഗവർണർ; വിവരം ഗവർണറെ അറിയിച്ചത് വിസി

സമരം ചെയ്യുന്ന വിദ്യാർഥികളെ അടിയന്തരമായി ഒഴിപ്പിക്കാൻ ഗവർണർ ഡിജിപിക്ക് നിർദേശം നൽകുകയായിരുന്നു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് സർവകലാശാല ക്യാംപസിൽ നിന്ന് ഒഴിപ്പിച്ചത് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിർദേശപ്രകാരം. സമരം ചെയ്യുന്ന വിദ്യാർഥികളെ അടിയന്തരമായി ഒഴിപ്പിക്കാൻ ഗവർണർ ഡിജിപിക്ക് നിർദേശം നൽകുകയായിരുന്നു. പ്രതിഷേധം കനത്തതോടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ തന്നെയാണ് വിവരം ഗവർണറെ വിവരം അറിയിച്ചത്. സമരക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകാൻ വിസി രജിസ്ട്രാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രക്ഷോഭത്തിന് പിന്നാലെ വിസി പ്രതികാര നടപടി സ്വീകരിച്ചിരുന്നു. എസ്എഫ്ഐ യൂണിയൻ വിസി അസാധുവാക്കി. പുതിയ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു. ഈ മാസം 28 വരെ നിലവിലെ യൂണിയന് കാലാവധി നിലനിൽക്കേയാണ് വിസിയുടെ നീക്കം. കലോത്സവ നടത്തിപ്പ് തടയാനാണ് നടപടിയെന്ന് എസ്എഫ്ഐ ആരോപിച്ചു.

സർവകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിൽ വലിയ സംഘര്‍ഷമാണ് ഉടലെടുത്തത്. പ്രതിഷേധം കടുത്തതോടെ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്.

അതേസമയം, പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ തീരുമാനം. സിൻഡിക്കേറ്റ് ചേരാൻ അസൗകര്യം ഉണ്ടെന്ന നിലപാടിൽ ഉറച്ച് വിസി. ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും മോഹനൻ കുന്നുമ്മൽ ആർഎസ്എസ് കേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു എന്ന് എസഎഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

SCROLL FOR NEXT