KERALA

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ സംസ്ഥാനം; മലയാളത്തിൽ സന്ദേശം നേർന്ന് ​ഗവർണർ; ജില്ലാ ആസ്ഥാനങ്ങളിൽ പതാക ഉയർത്തി മന്ത്രിമാർ

വിഎസ് അച്യുതാനന്ദനെ പത്‌മവിഭൂഷൺ നൽകി ആദരിച്ച കേന്ദ്ര സർക്കാറിന് നന്ദിയുണ്ടെന്നും ഗവര്‍ണര്‍

Author : ലിൻ്റു ഗീത

തിരുവനന്തപുരം: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാ​ഗമായി സംസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പതാക ഉയർത്തി. മലയാളത്തിലാണ് ​ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നേർന്നത്. പത്മ പുരസ്കാര ജേതാക്കളെയും ​ഗവർണർ അഭിനന്ദിച്ചു. കേരളത്തിൽ നിന്നും പത്മ പുരസ്കാരം ലഭിച്ചവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അഭിനന്ദനം. വിഎസ് അച്യുതാനന്ദനെ പത്‌മവിഭൂഷൺ നൽകി ആദരിച്ച കേന്ദ്ര സർക്കാറിന് നന്ദിയുണ്ടെന്നും വിഎസ് രാഷ്ട്രീയ സമൂഹിക രംഗത്ത് പാരമ്പര്യം തീർത്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവർ അണിനിരന്ന പരേഡിൽ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി നാഷണല്‍ സര്‍വീസ് കേഡറ്റുകളും പരേഡിൻ്റെ ഭാ​ഗമായി. വിവിധ സര്‍വകലാശാലകളിൽ നിന്നായി 40 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

ജില്ലകളിൽ ആസ്ഥാനങ്ങളിൽ വിവിധ മന്ത്രിമാർ പതാക ഉയർത്തി. കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന ആഘോഷത്തിൽ മന്ത്രി പി. മുഹമ്മദ് റിയാസ് പതാക ഉയർത്തി. എറണാകുളത്ത് മന്ത്രി പി. രാജീവ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ എന്നിവർ മന്ത്രിക്കൊപ്പം അഭിവാദ്യം സ്വീകരിച്ചു.

എങ്ങനെ പ്രയോഗിക്കുന്നോ അതുപോലെയാണ് ഭരണഘടന ജീവനുള്ളതാകുന്നതെന്ന് പി. രാജീവ് പറഞ്ഞു. ഓരോരുത്തർക്കും അവരുടെ വിശ്വാസം ആചരിക്കാൻ മാത്രമല്ല, പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന സംരക്ഷണം നൽകുന്നുണ്ട്. ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് മുൻപോട്ട് പോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പി. രാജീവ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

ആലപ്പുഴയിൽ മന്ത്രി പി. പ്രസാദ് റിപ്പബ്ലിക് ദേശീയ പതാക ഉയർത്തി. വി ദി പീപ്പിൾ ഓഫ് ഇന്ത്യ എന്നാണ് ഭരണഘടന തുടങ്ങുന്നതെന്നും ഭരണ ഘടന ഏതെങ്കിലും ഒരു ഭരണാധികാരിയുടെ ഔദാര്യമല്ലെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. നമ്മൾ എന്ന വാക്കിന് ഇന്നത്തെ ഇന്ത്യയിൽ പ്രാധാന്യം ഉണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും പി. പ്രസാദ് കൂട്ടിച്ചേർത്തു. അതേസമയം, കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വേദിയിൽ തളർന്നു വീണു. റിപ്പബ്ലിക് ദിന സന്ദേശത്തിന് പിന്നാലെയാണ് തളർന്നു വീണത്.

SCROLL FOR NEXT