കാവിക്കൊടി ഏന്തിയ 'ഭാരതാംബ' വിവാദത്തെ ചൊല്ലി വീണ്ടും തെരുവിൽ സംഘർഷം. കേരള സർവകലാശാല സെനറ്റ് ഹാളിലെ ഗവർണർ രാജേന്ദ്ര അർലേക്കറുടെ പരിപാടിയിൽ വിവാദ ചിത്രം. ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ പരിപാടിയിലാണ് 'ഭാരതാംബ' ചിത്രം വെച്ചത്. ചിത്രം വെച്ചതിനെ തുടർന്ന് എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം അവഗണിച്ച് ഗവർണർ ചടങ്ങിൽ പങ്കെടുത്തു. 'ഭാരതാംബ' ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തിയാണ് പരിപാടി ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിക്കുന്ന പരിപാടിയിൽ, പ്രതിഷേധം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചോദിച്ചു.
'ഭാരതാംബ' ചിത്രം വേദിയിൽ വച്ചിരിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കേരള സർവ്വകലാശാല രജിസ്ട്രാർ പ്രതികരിച്ചു. നിയമാവലിയിൽ അത് പ്രതിപാദിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കുമെന്ന് സംഘാടകർ ഒപ്പിട്ടു നൽകിയിരുന്നു. അതുകൊണ്ടാണ് വേദി വിട്ടുനൽകിയത്. ആ കരാറിലുള്ള ലംഘനമാണ് ഇപ്പോൾ നടന്നതെന്നും രജിസ്ട്രാർ പറഞ്ഞു. സെനറ്റ് ഹാൾ അനുവദിച്ച് സർവ്വകലാശാല രജിസ്ട്രാർ ശ്രീപത്മനാഭ സേവാ സമിതിക്ക് നൽകിയ കത്തും രജിസ്ട്രാർ പുറത്തുവിട്ടു. അതിൽ സർവകലാശാലയുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും മതപരമായ പ്രസംഗങ്ങൾ പ്രഭാഷണങ്ങൾ ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു.
അതേസമയം, പ്രതിഷേധം തുടരുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ. 'ഭാരതാംബ' ചിത്രം ഇല്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ല എന്ന തീരുമാനം ഗവർണർ പരിപാടിക്ക് മുൻപ് അറിയിച്ചതായി സംഘാടകർ പറഞ്ഞു.
പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ ഗവർണറെ തടയാൻ പ്രധാന ഗേറ്റിനു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചിരുന്നു. എന്നാൽ റൂട്ട് മാറ്റി പ്രതിഷേധക്കാരുടെ മുന്നിൽപ്പെടാതെ ഗവർണർ രാജ്ഭവനിലേക്ക് മടങ്ങി. ഗവർണർക്കെതിരെ ക്യാമ്പസുകളില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അറിയിച്ചു.