സിസാ തോമസ് 
KERALA

കാലടി സര്‍വകലാശാലയിലെ പ്രതിഷേധം; കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം നടപടിയെടുക്കണം; ഡിജിപിയെ വിളിപ്പിച്ച് ഗവര്‍ണര്‍

സിസാ തോമസിന് ശവമഞ്ചം ഒരുക്കിയിട്ടില്ല എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്

Author : ന്യൂസ് ഡെസ്ക്

കാലടി സംസ്കൃത സർവകലാശാലയിലെ താൽക്കാലിക വി.സി. സിസാ തോമസിനെതിരായ പ്രതിഷേധത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കുറ്റക്കാർക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം നിയമനടപടി സ്വീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. വി.സിയെ ആക്രമിക്കാൻ ശ്രമം നടന്നുവന്ന മന്ത്രി റോജി എം ജോൺ ആരോപിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപിയും ഗവർണർക്ക് കത്ത് നൽകി. എന്നാൽ സിസാ തോമസിന് ശവമഞ്ചം ഒരുക്കിയിട്ടില്ല എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പ്രതികരിച്ചു.

കാലടി സംസ്കൃത സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗം കഴിഞ്ഞിറങ്ങിയ താൽക്കാലിക വി.സി ഡോ. സിസാ തോമസിനെതിരെയാണ് എസ്എഫ്ഐ പ്രതിഷേധം ഉണ്ടായത്. ലിഫ്‌റ്റിലായിരുന്ന വി.സിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർ സിസാ തോമസിനായി ശവമഞ്ചം ഒരുക്കി എന്നും ആരോപണം ഉയർന്നു. പിന്നാലെയാണ് പ്രതിഷേധക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കർ ഡിജിപി റവാഡ ചന്ദ്രശേഖറെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തിയത്. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ഗവർണർ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശം നൽകി.

കൂടിക്കാഴ്ചയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഡിജിപി ഗവർണറോട് വിശദീകരിച്ചു. നാല് പ്രവർത്തകർക്കെതിരെ കേസ് എടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും ഡിജിപി അറിയിച്ചു. സംഭവത്തിന് പിന്നാലെ വി.സി സിസാ തോമസുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ലോക്ഭവൻ നിർദേശപ്രകാരം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും സിസാ തോമസ് പരാതി നൽകിയത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപിയും ഗവർണർക്ക് കത്ത് നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തള്ളിയ മന്ത്രി റോജി എം. ജോൺ കാലടിയിൽ നടന്നത് അപരിഷ്കൃത സമരമാണെന്ന് കുറ്റപ്പെടുത്തി. അതേസമയം, ആരോപണങ്ങളെ പൂർണമായും തള്ളി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും രംഗത്തെത്തി. സമര രൂപം തെറ്റാണെന്ന വിമർശനം വന്നാൽ പരിശോധിക്കാൻ തയ്യാറാണെന്ന് ശിവപ്രസാദ് പറഞ്ഞു.

കൂടിക്കാഴ്ചയ്‌ക്കുശേഷം സിസാ തോമസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് ചാൻസലറായ ഗവർണറുടെ ഉറപ്പ്.

SCROLL FOR NEXT