ഇത് നാഗ്‌പൂരോ ശാഖയോ അല്ല, ക്യാമ്പസ്‌ ആണ്; ആരു വിലക്കിയാലും പോരാട്ടം തുടരും: ഐഷി ഘോഷ്

മുന്‍കൂര്‍‍ അനുമതി വാങ്ങിയില്ലെന്നു പറഞ്ഞd പരിപാടിക്ക് സർവകലാശാല അനുമതി നിഷേധിച്ചിരുന്നു
ഐഷി ഘോഷ്
ഐഷി ഘോഷ്
Published on
Updated on

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറുടെ വിലക്ക് മറികടന്ന് സ്റ്റുഡന്റ്സ് യൂണിയന്‍ പരിപാടിയില്‍ പങ്കെടുത്ത് എസ്എഫ്ഐ ദേശീയ വൈസ് പ്രസിഡന്റ് ഐഷി ഘോഷ്. എസ്എഫ്ഐ നേതൃത്വം കൊടുക്കുന്ന യൂണിയന്‍ പാലയാട് ക്യാമ്പസില്‍ നടത്തിയ ഷീ ഫെസ്റ്റിലാണ് ഐഷി പങ്കെടുത്തത്. ഇത് നാഗ്‌പൂരോ ശാഖയോ അല്ല, ക്യാമ്പസ്‌ ആണെന്നും ആര് വിലക്കിയാലും പോരാട്ടം തുടരുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഷി ഘോഷ് പറഞ്ഞു. മുന്‍കൂര്‍‍ അനുമതി വാങ്ങിയില്ലെന്നു പറഞ്ഞാണ് പരിപാടിക്ക് സർവകലാശാല അനുമതി നിഷേധിച്ചത്. പാലയാട് ക്യാമ്പസ്സിൽ പരിപാടികൾ നടത്താൻ അനുമതി കിട്ടാത്ത അവസ്ഥയാണെന്ന് കെഎസ്‌യുവും ആരോപിച്ചു.

മസ്ദൂരി എന്ന പേരിൽ കണ്ണൂർ സർവകലാശാല സ്റ്റുഡന്റസ് യൂണിയൻ പ്രഖ്യാപിച്ച ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ച് ഇന്നലെ രാത്രിയാണ് ക്യാമ്പസ്‌ ഡയറക്ടർ കത്ത് നൽകിയത്. പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. സർവകലാശാല വി.സിയുടെ മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ വി.സിയുടെ നടപടി തള്ളിക്കളഞ്ഞ് പരിപാടി നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. രാവിലെ ക്യാമ്പസ് കവാടത്തിൽ ഗവർണർക്കായില്ല, പിന്നെയല്ലേ വി.സി. എന്ന ബാനർ ഉയർത്തി പ്രതിഷേധിച്ചു. ചെളിയിൽ ചവിട്ടിയ കാല്പാദങ്ങൾ ബാനറിൽ പതിപ്പിച്ച് പ്രതിഷേധവും അറിയിച്ചു. പരിപാടിക്ക് അനുമതി നിഷേധിച്ച വി.സിയെയും ആർഎസ്എസ്സിനെയും ഐഷി ഘോഷ് രൂക്ഷമായി വിമർശിച്ചു..

ഐഷി ഘോഷ്
മോഹനന്‍ കുന്നുമ്മല്‍ ബോണ്‍ ആര്‍എസ്എസ് അല്ല; അധികാരക്കസേര കൊടുക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആള്‍: എം. ശിവപ്രസാദ്

അതേസമയം, ശരിയായ രീതിയിൽ അപേക്ഷിക്കാത്തതു കൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രതികരണം. മന്ത്രിയുടെ വാദം തെറ്റാണെന്നും ഐഷി ഘോഷ് പങ്കെടുക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ് പറഞ്ഞു. മന്ത്രിയുടെ വാദം തള്ളി, കെഎസ്‍യുവും രംഗത്തെത്തി. ക്യാമ്പസില്‍ പരിപാടികൾ നടത്താൻ തങ്ങൾക്കും അനുമതി കിട്ടാറില്ലെന്ന് ആരോപിച്ച് പാലയാട് ക്യാമ്പസ് കെഎസ്‌‌യു യൂണിറ്റ് ഭാരവാഹി ഫനൂജയും രംഗത്തെത്തി.

വി.സിയുടെ തീരുമാനത്തെ വിമർശിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സംഘപരിവാറിന്റെ തിട്ടൂരങ്ങൾ കയ്യിൽ വച്ചേക്ക്, ഇത് രക്തസാക്ഷികളുടെ മണ്ണ് എന്ന് ഫേസ്ബുക്കിൽ പ്രതികരിച്ചു. വിലക്ക് മറികടന്ന് പരിപാടി നടത്തിയതിൽ സർവകലാശാല യൂണിയനോട്‌ വിശദീകരണം തേടും.

News Malayalam 24x7
newsmalayalam.com