ഫയൽ ചിത്രം
KERALA

രാജ് ഭവൻ ഇനി മുതൽ ലോക്ഭവൻ; പേരുമാറ്റം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം

അർലേക്കറാണ് രാജ് ഭവനുകൾക്ക് ‘ലോക് ഭവൻ’ എന്ന പേര് നൽകണമെന്ന നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ രാജ് ഭവൻ ഇനി ഔദ്യോഗികമായി ലോക് ഭവൻ എന്ന പേരിൽ അറിയപ്പെടും. രാജ് ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും, ലെഫ്റ്റനന്‍റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക് നിവാസുകളായും പുനർനാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ മാറ്റം.

കൊളോണിയല്‍ മനോഭാവത്തിൽ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തിന്റെ പ്രതീകമാണിതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. മാറുന്ന കാലഘട്ടത്തിന് അനുസൃതമായി ഈ പുതിയ ചിന്താഗതിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ കേരള ജനതയെ ഗവർണർ അഭിനന്ദിച്ചു.

“ലോക് ഭവൻ” എന്ന പേരിന്‍റെ യഥാര്ത്ഥ അർത്ഥം അന്വര്ത്ഥതമാക്കുന്ന തരത്തിൽ തുടർ പ്രവര്ത്തനനങ്ങൾ കാഴ്ചവയ്ക്കുന്നതിനായി കേരള ജനത ഈ ഉദ്യമത്തിൽ ഹൃദയാത്മനാ സഹകരിക്കണമെന്നും ലോക് ഭവന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണമായി പങ്കാളികളാകണമെന്നും ബഹു. ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

2022-ല്‍ നടന്ന ഗവർണർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിലാണ് അന്ന് ബിഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന അർലേക്കറാണ് രാജ് ഭവനുകൾക്ക് ‘ലോക് ഭവൻ’ എന്ന പേര് നൽകണമെന്ന നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്.

SCROLL FOR NEXT