ഗോവിന്ദച്ചാമി ജയിൽ ചാടിയത് പരസഹായമില്ലാതെയെന്ന് പൊലീസ് Source: Screengrab
KERALA

ഗോവിന്ദച്ചാമിക്ക് അകത്ത് നിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ല; നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്നും പൊലീസ്

ഗോവിന്ദച്ചാമി ജയിൽ ചാടിയത് പരസഹായമില്ലാതെ എന്ന് പൊലീസ്.

Author : ന്യൂസ് ഡെസ്ക്

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പരസഹായമില്ലാതെ എന്ന് പൊലീസ്. ജയിലിന് അകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചില്ല എന്നാണ് കണ്ടെത്തൽ. സെല്ലിൽ നിന്ന് പുറത്തിറങ്ങിയിട്ടും പുറത്ത് കടക്കാൻ താമസിച്ചത് മറ്റ് സഹായങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്നും പൊലീസ് പറയുന്നു. അതേസമയം സെല്ല് തകർത്തതിന് ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. ​ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് നാല് സഹതടവുകാർക്ക് അറിയാമെന്നും കണ്ടെത്തി. വിശദമായ മൊഴി രേഖപ്പെടുത്തേണ്ട തടവുകാരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

ഗോവിന്ദച്ചാമിയെ കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. വിയ്യൂർ ജയിലിലെ സെല്ലിൽ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലാണുള്ളത്. ഇതിനു മുകളിൽ പത്തടി ഉയരത്തില് വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

അതേസമയം, ജയില്‍ചാടിയ സംഭവത്തില്‍ ഗോവിന്ദച്ചാമിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. സഹതടവുകാരനോട് ജയില്‍ചാട്ടത്തെ കുറിച്ച് ഗോവിന്ദച്ചാമി നേരത്തേ പറഞ്ഞിരുന്നുവെന്നാണ് മൊഴി. ജയില്‍ചാടി പിടിച്ചാല്‍ ആറ് മാസം മാത്രമേ ശിക്ഷയുള്ളൂവെന്ന് സഹതടവുകാരന്‍ പറഞ്ഞു. ജയില്‍ ചാടി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയതിനാല്‍ എത്താനായില്ല. സെല്ലിലെ അഴി മുറിക്കാനുള്ള ഉപകരണം അരം ഉപയോഗിച്ചാണ് ഉണ്ടാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

SCROLL FOR NEXT