
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം, ഇതിനു മുമ്പ് ഇങ്ങനെയൊരു ജയില്‍ചാട്ടം കേരളത്തില്‍ വാര്‍ത്തയായത് പത്ത് പതിനഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പാണ്. എട്ട് കൊലപാതകങ്ങളും 14 കവര്‍ച്ചകളും നടത്തിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദന്റെ ജയില്‍ചാട്ടമായിരുന്നു അത്.
ഗോവിന്ദച്ചാമി കണ്ണൂരില്‍ നിന്നാണ് ചാടിയതെങ്കില്‍ റിപ്പര്‍ ജയാനന്ദന്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് അതിസാഹസികമായി രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ, രണ്ട് തവണയും റിപ്പര്‍ ജയാനന്ദനൊപ്പം ഓരോ സഹതടവുകാരും ഉണ്ടായിരുന്നു.
ഗോവിന്ദച്ചാമിയുടേയും ജയാനന്ദന്റേയും ജയില്‍ചാട്ടങ്ങള്‍ തമ്മില്‍ ചില സാമ്യതകളുണ്ട്. സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.
2013 ജുലൈ 11 നാണ് ജയാനന്ദന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ജയിലില്‍ അറ്റക്കുറ്റപ്പണിക്കിടെ തരപ്പെടുത്തിയെന്ന് കരുതുന്ന ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് സെല്ലിന്റെ ഡെഡ് ലാച്ച് മുറിച്ചായിരുന്നു റിപ്പര്‍ ജയാനന്ദനും ഊപ്പ രാജേഷും രക്ഷപ്പെട്ടത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങി സുരക്ഷാ ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്ന് ജയില്‍ ആശുപത്രിയിലെത്തി. ഇവിടെ നിന്ന് ബെഡ്ഷീറ്റുകളും ടവലുകളും ഉപയോഗിച്ചായിരുന്നു മതില്‍ചാടിക്കടന്നത്.
ഗോവിന്ദച്ചാമി പറഞ്ഞതായി നമ്മള്‍ ഇതുവരെ അറിഞ്ഞതും ഇതേ കാര്യങ്ങളാണ്. ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ പുറത്തുനിന്ന് സഹായം ലഭിച്ചതായി ഇതുവരെ അറിഞ്ഞിട്ടില്ല. പക്ഷേ, ജയാനന്ദന് അങ്ങനെ സഹായം ലഭിച്ചിരുന്നു.
ജയില്‍ചാടിയതിനു ശേഷം ജയാനന്ദനും രാജേഷും രണ്ട് വഴിക്ക് പിരിഞ്ഞു. അന്നും പൊലീസിനൊപ്പം മാധ്യമങ്ങളും ജയാനന്ദന് പിന്നാലെ ഓടി. രാജേഷിനെ രണ്ടാഴ്ചയ്ക്കു ശേഷം കരുനാഗപ്പള്ളിയിലെ വീടിനടുത്തുവെച്ചാണ് പിടികൂടിയത്. അപ്പോഴും ജയാനന്ദന്‍ കാണാമറയത്തായിരുന്നു. 2019 സെപ്റ്റംബര്‍ 9 നാണ് ജയാനന്ദനെ തൃശൂര്‍ ജില്ലയിലെ നെല്ലായിയില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്.
കേരളത്തിലെ എല്ലാ സെന്‍ട്രല്‍ ജയിലിലും തടവില്‍ കഴിഞ്ഞിരുന്ന ജയാനന്ദന്‍ മൂന്നിടങ്ങളിലും ജയില്‍ചാടാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം വിജയിച്ചു. വിയ്യൂരിലേത് പരാജയപ്പെട്ടു. കണ്ണൂരില്‍ ജയാനന്ദന്‍ കിടന്ന അതേ ബ്ലോക്കിലാണ് ഇക്കഴിഞ്ഞ ജുലൈ 24 വരെ ഗോവിന്ദച്ചാമിയും കഴിഞ്ഞിരുന്നത്. അവിടേയും സമാനരീതിയിലായിരുന്നു ജയാനന്ദന്റെ ജയില്‍ചാട്ടം. അന്നും ജയാനന്ദന്‍ മറ്റൊരാളെ ചാടാന്‍ ഒപ്പം കൂട്ടി.
2010 ലായിരുന്നു ആ സംഭവം. അക്കാലത്താണ് ജയിലില്‍ സിസിടിവി സ്ഥാപിക്കല്‍ നടക്കുന്നത്. ഇതിന്റെ ജോലിക്കായി കൊണ്ടുവന്ന ഹാക്‌സോ ബ്ലേഡ് ആണ് അന്ന് ജയാനന്ദന്‍ ഒപ്പിച്ചെടുത്തത്. ഒപ്പം കൂട്ടിയത് റിയാസ് എന്ന സഹതടവുകാരനേയും. കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാന്‍ ശരീരത്തിന്റെ വണ്ണവും കുറച്ചു. അന്ന് ചാടിയ ജയാനന്ദനെ രണ്ട് മാസം കഴിഞ്ഞ് ഊട്ടിയില്‍ നിന്നാണ് പിടികൂടിയത്. കൂടെ രക്ഷപ്പെട്ട റിയാസിനെ കാസര്‍ഗോട്ടെ കാമുകിയുടെ വീട്ടില്‍ നിന്നും.
ഇങ്ങനെയാണ്, കണ്ണൂരിലെ സുരക്ഷ പോരെന്ന് മനസിലാക്കി ജയാനന്ദനെ പൂജപ്പുരയിലെത്തിക്കുന്നതും അവിടെ വെച്ച് വീണ്ടും ജയില്‍ ചാടുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോള്‍ സെല്ലില്‍ നിന്നും ടോയിലറ്റിലേക്ക് തുരങ്കമുണ്ടാക്കിയും ജയാനന്ദന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.