KERALA

"ഉദരത്തിലായത് മുതൽ അവളിൽ നിക്ഷിപ്തമായിരുന്ന ദൗത്യം ഇതായിരുന്നു, അത് നിർവഹിച്ചാണ് പോയത്; ആരോടും നന്ദി പറയാനില്ല: ആലിന്റെ മുത്തച്ഛൻ

"ഞങ്ങളുടെ കുഞ്ഞ് പോയി, എന്നാൽ അഞ്ചു കൊച്ചുമക്കളാണ് ഞങ്ങളുടെ കുടുംബത്തിലുണ്ടായത്"

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ആലിൻ ഷെറിൻ്റെ വിയോ​ഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും ദൈവം തന്നു ദൈവം എടുത്തുവെന്നാണ് ആശ്വസിക്കുന്നതെന്നും മുത്തച്ഛൻ പറഞ്ഞു. സംസ്‌കാര ചടങ്ങുകൾക്ക് ആവശ്യമായ എല്ലാം സംസ്ഥാന സർക്കാർ ചെയ്തു തന്നിട്ടുണ്ട്. രാത്രി തന്നെ എല്ലാ നടപടികളും പൂർത്തിയാക്കി അവളെ ഞങ്ങളെ കയ്യിലേക്കെത്തിച്ചുവെന്നും മുത്തച്ഛൻ പറഞ്ഞു.

"അപകടം ഉണ്ടായത് മുതൽ ചാനലുകളും മാധ്യമ സുഹൃത്തുക്കളും ചോദിച്ചു നിങ്ങൾക്ക് ദുഃഖമില്ലെ എന്ന്. ഞാൻ അവരോട് പറഞ്ഞു ദുഃഖമുണ്ട്. എന്നാൽ എന്റെ മക്കളുടെ തീരുമാനത്തിനൊപ്പം നിന്നതിലെനിക്ക് ആശ്വാസമുണ്ട്. ‍ഞങ്ങളുടെ കുഞ്ഞ് പോയി. എന്നാൽ അഞ്ചു കൊച്ചുമക്കളാണ് ഞങ്ങളുടെ കുടുംബത്തിലുണ്ടായത്. ആരോടും നന്ദി പറയുന്നില്ല. അതി പറയേണ്ടത് ഞങ്ങളല്ല, അവളാണ്.

ഞങ്ങളോടൊപ്പം ആലിൻ 20 മാസം ഉണ്ടായിരുന്നു. 10 മാസം ഉദരത്തിലും 10മാസം പുറത്തും. അവയവങ്ങൾ നൽകാനുള്ള തീരുമാനം എടുത്തതിന് പിന്നാലെ ഞങ്ങൾക്ക് കിട്ടിയ സഹായ സഹകരണങ്ങൾ വച്ച് നോക്കുമ്പോൾ ഇത് ആവശ്യമായ ദൗത്യമാണ് അവൾ നിർവഹിച്ചത് എന്ന് മനസിലാക്കുന്നു. ഉദരത്തിലായത് മുതൽ അവളിൽ നിക്ഷിപതമായിരുന്ന ദൗത്യം ഇതായിരുന്നു. അവളത് നിർവഹിച്ചാണ് പോയത്. ആരോടും നന്ദി പറയാനില്ല", ആലിൻ്റെ മുത്തച്ഛൻ.

അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്നാണ് പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിനൻ യാത്രയാകുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിൻ്റെയും മകളാണ് ആലിൻ ഷെറിൻ. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ, ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും തുടർന്ന് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് മാതാപിതാക്കളും കുടുംബവും തയ്യാറാവുകയായിരുന്നു.

SCROLL FOR NEXT